വൈക്കം: കായലോര ബീച്ചിൽ വളർന്ന് തിങ്ങിയ പോള പായൽ അഷ്ടമി ഉത്സവത്തിന് മുന്നോടിയായി നീക്കും. ബീച്ചിലെ സത്യഗ്രഹ സ്മൃതി ശിൽപ ഉദ്യാനത്തിന് മുൻവശത്താണ് പായൽ തിങ്ങിയത്.
അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലും വൈക്കത്തും സമീപപ്രദേശങ്ങളിൽ നിന്നുമായി നിരവധി കുടുംബങ്ങൾ ബീച്ചിൽ എത്തുന്നുണ്ട്. ബീച്ചിലെ ഇരിപ്പടങ്ങളിൽ ഇരുന്ന് അസ്തമയം കണ്ടു മടങ്ങാൻ എത്തുന്നവർക്ക് കായലോരത്തെ പോള പായൽ അലോസരമാകുന്നുണ്ട്. അഷ്ടമി ഉത്സവകാലത്ത് കായലോര ബീച്ചിൽ ഭക്ഷ്യ മേളയും വിനോദ ഉപാധികളും ഉണ്ടാകുന്നതിനാൽ ജനത്തിരക്ക് വർധിക്കും.
ഉത്സവകാലത്ത് കായലോര ബീച്ചിലെ പായൽ നീക്കി മുളകൾ നാട്ടി പായൽ വരുന്നത് തടയുന്നതിന് ഇറിഗേഷൻ പദ്ധതി തയ്യാറാക്കും. അഷ്ടമി ഉത്സവ കൊടിയേറ്റിന് മുമ്പ് പോളപായൽ നീക്കി കായലോര ബീച്ചിന്റെ മനോഹാരിത വീണ്ടെടുക്കുമെന്ന് നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ പറഞ്ഞു.