ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകർക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സോനം വാംഗ്ചുക്. എന്നാൽ യുവാക്കൾ രാഷ്ട്രീയത്തിലേക്ക് വരുന്നതിലോ സ്വന്തമായി പാർട്ടി രൂപീകരിക്കുന്നതിലോ തെറ്റൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രഖർ ഗുപ്തയുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് വാംഗ്ചുക് തന്റെ നിലപാട് വ്യക്തമാക്കിയത്.
ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ താൻ നടത്തിയ നിരീക്ഷണത്തിൽ സിജെപി സ്ഥാപകരായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് രാഷ്ട്രീയ അജണ്ടകളുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. അവർ ഒന്നും ആഗ്രഹിക്കാത്ത വിശുദ്ധരൊന്നുമല്ലെന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചുപുലർത്തുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടായാലും വിദ്യാർഥി പ്രസ്ഥാനങ്ങളെ രാഷ്ട്രീയ അജണ്ടകളിൽ നിന്ന് മുക്തമായി നിർത്തണമെന്ന് താൻ സ്ഥാപകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാംഗ്ചുക് വ്യക്തമാക്കി.
സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ മുൻപ് ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന കാര്യം വിമർശകർ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും, മുൻപ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി സഹകരിച്ചു പ്രവർത്തിച്ചതിൽ തെറ്റൊന്നുമില്ലെന്നാണ് തന്റെ അഭിപ്രായമെന്നും വാംഗ്ചുക് വ്യക്തമാക്കി.