കോഴിക്കോട്: യൂട്യൂബർ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസ്. സംഭവ ദിവസം ലൈസൻസ് കൈയിൽ ഇല്ലെന്നായിരുന്നു അശ്വന്ത് നൽകിയ മൊഴി.
തുടർന്ന് സമർപ്പിച്ച ലൈസൻസ് പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞത് കണ്ടെത്തുന്നത്. 2025 ഫെബ്രുവരിയിലാണ് ലൈസൻസ് കാലാവധി കഴിഞ്ഞത്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് കൂടി അശ്വന്ത് കോക്കിനെതിരെ കേസെടുക്കും.
അഞ്ച് വർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നടക്കാവ് വച്ച് അശ്വന്തിന്റെ വാഹനം കാറിലും ബൈക്കിലും ഇടിച്ച് അപകടമുണ്ടായത്. അപകടം നടന്നതോടെ ഓടിക്കൂടിയ നാട്ടുകാരോട് തട്ടിക്കയറുന്ന വീഡിയോ പുറത്ത് വന്നിരുന്നു.
മദ്യലഹരിയിലായിരുന്ന അശ്വന്തിനെ പൊലിസ് കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. അശ്വന്ത് ഓടിച്ച വാഹനത്തിൽ നിന്നും മദ്യവും എയർ ഗണ്ണും കണ്ടെത്തിയിരുന്നു.