മസ്കറ്റ്: അണ്ടർ-19 ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ നേപ്പാളിനെ പത്തു വിക്കറ്റിന് തകർത്താണ് ഇന്ത്യ ജയം ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 42.3 ഓവറിൽ 128 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.1 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു.
ഓപ്പണർമാരായ ആര്യവീർ സെവാഗിന്റെയും ലക്ഷ്യ രാജേഷ് റായ്ചന്ദാനിയുടെയും അർധസെഞ്ചുറികളാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിന്റെ മകനായ ആര്യവീർ സെവാഗ് തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. 51 പന്തിൽ 69 റൺസുമായി പുറത്താകാതെ നിന്ന ആര്യവീർ 34 പന്തിലാണ് അർധസെഞ്ചുറി പൂർത്തിയാക്കിയത്.
ഏഴ് ഫോറും നാല് സിക്സും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. മറ്റൊരു ഓപ്പണറായ ലക്ഷ്യ രാജേഷ് 58 പന്തിൽ അർധസെഞ്ചുറി നേടി. ഏഴ് ബൗണ്ടറികളുടെ അകമ്പടിയോടെ 53 റൺസുമായി താരം പുറത്താകാതെ നിന്നു. അതേസമയം മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡിന്റെ മകൻ അൻവയ് ദ്രാവിഡിന് മത്സരത്തിൽ ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല.
ഇന്ത്യയ്ക്കായി ഇഷാൻ സൂദും അർജുൻ രാജ്പൂതും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ യഷ്വീർ ഗൗഡ് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. നേപ്പാൾ നിരയിൽ 43 റൺസ് നേടിയ ദർശ് സോനാറാണ് ടോപ് സ്കോറർ. ആശിഷ് ലുഹാർ (29), നീരജ് കുമാർ യാദവ് (20) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 43 റൺസാണ് നേപ്പാളിനെ 100 കടക്കാൻ സഹായിച്ചത്.