ദിബ്രുഗഡ്: മെഡിക്കൽ ബിരുദാനന്തര ബിരുദ (പിജി) കോഴ്സുകളിൽ പഠിക്കുന്നവർ പഠനസമയത്തു വിവാഹം കഴിക്കരുതെന്ന വിവാദ മാർഗരേഖ പിൻവലിച്ച് ആസാം മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റൽ (എഎംസിഎച്ച്). പഠനകാലത്ത് വിവാഹം അടക്കമുള്ള വ്യക്തിപരമായ കാര്യങ്ങളിൽ നിന്നു വിട്ടുനിൽക്കണമെന്ന നിർദേശം അധികൃതർ ബുധനാഴ്ചയാണ് പുറത്തുവിട്ടത്.
ഈ നിർദേശത്തിനെതിരെ വലിയ പ്രതിഷേധം ഉയരുകയും രാജ്യത്തെ വിവിധ മെഡിക്കൽ വിദ്യാർഥി സംഘടനകൾ എതിർപ്പുമായി രംഗത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണു നടപടി. തങ്ങളുടെ ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു എന്നാണ് കോളജ് അധികൃതർ നൽകുന്ന വിശദീകരണം.
പിജി മെഡിക്കൽ വിദ്യാർഥികൾക്കു പ്രസവാവധി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്നാണു ദേശീയ മെഡിക്കൽ കമ്മിഷന്റെ (എൻഎംസി) ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്യുന്നത്. ഇതിനു കടകവിരുദ്ധമാണ് ആസാമിലെ സർക്കാർ മെഡിക്കൽ കോളജിന്റെ നിർദേശമെന്നാരോപിച്ച് നേരത്തേ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു.