ഗോഹട്ടി: ആസാം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം അവസാനലാപ്പിൽ. ബിജെപി നേതൃത്വം നല്കുന്ന എൻഡിഎയും കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷസഖ്യവും മിക്ക മണ്ഡലങ്ങളിലും നേർക്കു നേർ പോരാട്ടത്തിലാണ്. ഏപ്രിൽ ഒന്‍പതിനാണ് ആസാം തെരഞ്ഞെടുപ്പ്. മത്സരരംഗത്തുള്ളത് 722 സ്ഥാനാർഥികൾ. സ്ഥാനാർഥികളിൽ എട്ടു ശതമാനം പേർ സ്ത്രീകളാണ്. ബിജെപിയും കോൺഗ്രസും തൊണ്ണൂറിലേറെ സീറ്റുകളിൽ മത്സരിക്കുന്നു. ആകെ സീറ്റ് 126 ആണ്.
അൽഗാപുർ-കട്ലിചെറ മണ്ഡലത്തിൽ 15 സ്ഥാനാർഥികളുണ്ട്. ഒന്‍പതിടത്ത് രണ്ടു സ്ഥാനാർഥികൾ വീതമാണുള്ളത്. ബിജെപി നേതൃത്വം നല്കുന്ന എൻഡിഎയിൽ എജിപി, ബിപിഎഫ് എന്നിവയാണ് സഖ്യകക്ഷികൾ. ബിജെപി 90 സീറ്റിലും എജിപി 26ലും മത്സരിക്കുന്നു. ബിപിഎഫിന് 11 സീറ്റ് നല്കി.
പ്രതിപക്ഷത്തെ നയിക്കുന്ന കോൺഗ്രസ് 99 സീറ്റിൽ മത്സരിക്കുന്നു. റായിജോർ ദൾ 13 സീറ്റിലും ആസാം ജതിയ പരിഷത്ത് പത്തിലും മത്സരിക്കുന്നു. സിപിഎം-2 സിപിഐ (എംഎൽ) ലിബറേഷൻ-3 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ സീറ്റുകൾ. മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിന്റെ പാർട്ടിയായ എഐയുഡിഎഫ് 30 മണ്ഡലത്തിലും യുപിപിഎൽ 18ലും മത്സരിക്കുന്നു. തൃണമൂൽ കോൺഗ്രസ്, എഎപി, ജെഎംഎം, സിപിഐ എന്നിവയും ആസാമിൽ ഒരു കൈ നോക്കാനുണ്ട്.
ഹാട്രിക് വിജയമാണ് ബിജെപി ലക്ഷ്യമിടുന്നത്. തുടർച്ചയായ മൂന്നു തവണ ഭരണത്തിലിരുന്നശേഷമാണ് കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ബിജെപിയുടെ പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നത്. ജലുക്ബാരിയിലാണ് ഹിമന്ത ജനവിധി തേടുന്നത്.
പിസിസി അധ്യക്ഷൻ ഗൗരവ് ഗൊഗോയി ആണ് കോൺഗ്രസിനെ നയിക്കുന്നത്. ലോക്സഭാംഗമായ ഗൗരവ് ജോർഹട്ടിൽനിന്നു നിയമസഭയിലേക്കു മത്സരിക്കുന്നു. ആസാം മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകനായ ഗൗരവ് (43) ആദ്യമായാണ് നിയമസഭയിലേക്കു മത്സരിക്കുന്നത്. ഹിമന്തയോടു കിടനിൽക്കുന്ന ഗൗരവ് ഗൊഗോയിയുടെ വ്യക്തിപ്രഭാവത്തിലാണു കോൺഗ്രസിന്റെ പ്രതീക്ഷയത്രയും.
അപ്പർ ആസാമിൽ സ്വാധീനമുള്ള ആസാം ജതിയ പരിഷത്തുമായി സഖ്യമുണ്ടാക്കിയത് കോൺഗ്രസിനു നേട്ടമാണ്. കഴിഞ്ഞ തവണ അപ്പർ ആസാമിലെ പതിനഞ്ചോളം സീറ്റുകൾ നേരിയ മാർജിനിലാണു കോൺഗ്രസിനു നഷ്ടമായത്. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജെൻ ഗോഹെയ്ൻ ആസാം ജതിയ പരിഷത്തിൽ ചേർന്നു.
2021ല്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായിരുന്ന എഐയുഡിഎഫ് ഇത്തവണ ഒറ്റയ്ക്കു മത്സരിക്കുന്നു. ബദറുദ്ദീന്‍ അജ്മല്‍ നയിക്കുന്ന പാര്‍ട്ടിക്ക് നിലവിൽ 15 എംഎല്‍എമാരാണുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എഐയുഡിഎഫിന് വലിയ തിരിച്ചടി നേരിടേണ്ടിവന്നു.
2009 മുതൽ ധുബ്രി ലോക്സഭാ മണ്ഡലത്തിൽ വിജയം നേടിയ ബദറുദ്ദീൻ അജ്മലിന് 2024 തെരഞ്ഞെടുപ്പിൽ വൻ പരാജയം നേരിടേണ്ടി വന്നു. കോൺഗ്രസിലെ റക്കിബുൽ ഹുസൈൻ പത്തു ലക്ഷത്തിലേറെ വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷത്തിനാണു വിജയിച്ചത് മുസ്ലിം വോട്ട് കോണ്‍ഗ്രസിലേക്കു പോയതാണ് അജ്മലിന് വൻ തോൽവി സമ്മാനിച്ചത്.
തെരഞ്ഞെടുപ്പിനുശേഷം മിയാകള് ആസാമില്‍ സ്വാധീനം നേടുമെന്ന അജ്മലിന്റെ പ്രസ്താവന ഏറെ വിവാദമുയര്‍ത്തി. ബംഗാളി സംസാരിക്കുന്ന മുസ് ലിംകളെയാണ് മിയാ എന്നു വിശേഷിപ്പിക്കുന്നത്. ഇവരുടെ പൂര്‍വികര്‍ ബംഗ്ലാദേശില്‍നിന്നുള്ളവരാണ്. ആസാമിലെ 3.12 കോടി ജനങ്ങളില്‍ 34 ശതമാനം പേര് മുസ്ലിംകളാണ്. ഇതില്‍ നാലു ശതമാനം മാത്രമാണ് തദ്ദേശീയ ആസാം മുസ്ലിംകള്. ബാക്കി ബംഗാളി സംസാരിക്കുന്ന മുസ്ലിംകളാണ്. ഇത്തവണ 28 സീറ്റിലാണ് എഐയുഡിഎഫ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിനുശേഷം ഹിമന്ത ഡല്‍ഹിക്കു പോകുമെന്നാണ് അജ്മല്‍ പറയുന്നത്.
ബിജെപി അധികാരത്തിലെത്തിയാൽ രാഷ്ട്രീയമായി മിയാകളുടെ നട്ടെല്ലു തകർക്കുമെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭീഷണി. ആസാമിലെ തദ്ദേശീയ ജനതയെ വെല്ലുവിളിക്കാൻ അനധികൃത കുടിയേറ്റക്കാരെ അനുവദിക്കില്ലെന്നു ഹിമന്ത പറയുന്നു. ജനപ്രിയ പദ്ധതികളാണ് ഹിമന്തയുടെ തുറുപ്പുചീട്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം മുതിർന്ന നേതാവ് പ്രദ്യുത് ബർദലോയി ബിജെപിയിൽ ചേർന്നത് കോൺഗ്രസിനുണ്ടാക്കിയ ക്ഷീണം ചെറുതല്ല. കോൺഗ്രസ് മാനിഫെസ്റ്റോ ചെയർമാനായിരുന്ന ബർദലോയി സംസ്ഥാന സർക്കാരിനെതിരേ നിശിത വിമർശനം ഉയർത്തിയിരുന്ന നേതാവാണ്. ഇദ്ദേഹം ബിജെപിയിലേക്കു ചേക്കേറിയതോടെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന മകൻ മത്സരരംഗത്തുനിന്നു പിന്മാറി. മുൻ മന്ത്രിയും ബിജെപി നേതാവുമായ നന്ദിത ഗർലോസ കോൺഗ്രസിൽ ചേർന്നതാണ് ആസാമിലെ ഒടുവിലത്തെ രാഷ്ട്രീയ ചുവടുമാറ്റം.