ടെഹ്റാൻ: അമേരിക്കൻ-ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനയ്യുയുടെ പിൻഗാമിയായി അധികാരമേറ്റ ആയത്തുള്ള മുജ്തബ ഖമനയ്യുടെ സുരക്ഷയ്ക്കായി ഇറാൻ തങ്ങളുടെ എലൈറ്റ് കൗണ്ടർ ടെററിസം യൂണിറ്റിനെ വിന്യസിച്ചു. 'കറുത്ത വസ്ത്രധാരികളായ കൊലയാളി സംഘം' എന്നറിയപ്പെടുന്ന ഈ സേന മുജ്തബയുടെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിലാണ് രംഗത്തിറങ്ങിയിരിക്കുന്നത്.
ഇറാന്റെ സ്പെഷ്യൽ ഫോഴ്സ് ആയ നോപ്പോ യൂണിറ്റിലെ കറുത്ത വസ്ത്രം ധരിച്ച കമാൻഡോകളാണ് പുതിയ നേതാവിന് ചുറ്റും സുരക്ഷാ കവചമൊരുക്കുന്നത്. ശത്രുക്കളെ ഏത് സാഹചര്യത്തിലും നേരിടാൻ പരിശീലനം ലഭിച്ചവരാണ് ഇവർ. അലി ഖമനയ്യുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായിരിക്കുകയാണ്. മുജ്തബ ഖമനയ്യുടെ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ ഭരണകൂടത്തിന്റെ കരുത്ത് തെളിയിക്കാനാണ് ഇറാൻ ശ്രമിക്കുന്നത്.
അധികാരമേറ്റതിന് ശേഷം മുജ്തബ ഖമനയ് ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ശത്രുക്കളുടെ നീക്കം ഭയന്ന് അദ്ദേഹം അതീവ സുരക്ഷയുള്ള രഹസ്യ കേന്ദ്രത്തിലാണെന്നാണ് റിപ്പോർട്ടുകൾ. അലി ഖമനയ്യുടെ രണ്ടാമത്തെ മകനായ മുജ്തബ, ഇറാനിലെ വിപ്ലവ ഗാർഡുകളുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ്. കഴിഞ്ഞ പത്തുവർഷമായി പിതാവിന്റെ നിഴലായി നിന്നുകൊണ്ട് ഭരണകാര്യങ്ങളിൽ അദ്ദേഹം ഇടപെട്ടിരുന്നു.