തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നടപടികൾക്ക് തുടക്കമായി. സംഭവം നടന്ന് 11 വർഷങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ ആരംഭിച്ചത്. ആദ്യദിന വിചാരണയിൽ തന്നെ കേസിലെ ആറു പ്രതികളെയും പ്രധാന സാക്ഷിയായ സിസ്റ്റം എൻജിനിയർ ശ്യാം തിരിച്ചറിഞ്ഞു.
മുൻമന്ത്രിമാരായ വി. ശിവൻകുട്ടി, കെ.ടി. ജലീൽ, ഇ.പി. ജയരാജൻ എന്നിവരടക്കം ആറു പ്രതികളും നിയമസഭാ ഹാളിനുള്ളിൽ അതിക്രമം കാണിക്കുന്നത് നേരിട്ട് കണ്ടതായാണ് ശ്യാം കോടതിയിൽ മൊഴി നൽകിയത്. നിയമസഭയ്ക്കുള്ളിൽ സ്ഥാപിച്ചിരുന്ന എട്ട് സിസിടിവി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഡിവിഡികളിലേക്ക് പകർത്തിയത് താനാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിലെ നിർണായക തെളിവുകളായ ഈ ഡിവിഡികളും ശ്യാം കോടതിയിൽ തിരിച്ചറിഞ്ഞു. അതേസമയം ഒന്നാം സാക്ഷിയായ ശാരംഗധരനെ വിസ്തരിക്കുന്നതിന് മുമ്പ് ശ്യാമിനെ വിസ്തരിക്കരുതെന്ന പ്രതിഭാഗത്തിന്റെ എതിർപ്പ് കോടതി തള്ളി. കേസിലെ പരാതിക്കാരൻ കൂടിയായ അന്നത്തെ നിയമസഭാ സെക്രട്ടറി ശാരംഗധരൻ നേരിട്ട് കോടതിയിൽ ഹാജരാകാൻ കഴിയില്ലെന്നും ഓൺലൈനായി വിസ്താരം നടത്തണമെന്നും ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ട്.
എന്നാൽ ഒന്നാം സാക്ഷിയെ നേരിട്ട് ഹാജരാക്കി വിസ്തരിക്കണമെന്നാണ് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ആവശ്യം. ഇക്കാര്യത്തിൽ കോടതി അടുത്ത ദിവസം തീരുമാനമെടുക്കും.