ന്യൂഡൽഹി: സംസ്ഥാന നിയമസഭകൾ വർഷത്തിൽ കുറഞ്ഞത് 30 ദിവസമെങ്കിലും സമ്മേളിക്കണമെന്ന നിർദേശവുമായി ഡൽഹി നിയമസഭാ സ്പീക്കർ വിജേന്ദർ ഗുപ്ത. 2025ൽ ഡൽഹി നിയമസഭ ആകെ 17 ദിവസം മാത്രമാണ് ചേർന്നത്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ നിയമസഭകളുടെ സമ്മേളന ദിവസങ്ങൾ വർധിപ്പിക്കണമെന്ന് അദ്ദേഹം ആവിശ്യപ്പെട്ടത്.
നിയമനിർമാണ സഭകൾക്കായി പൊതുവായ നടപടിക്രമ ചട്ടങ്ങൾ രൂപീകരിക്കുന്നതിനായി ചേർന്ന സ്പീക്കർമാരുടെ യോഗത്തിലാണ് നിർദേശം ചർച്ചയായത്. ചൊവ്വാഴ്ച ചേർന്ന യോഗത്തിൽ ശിപാർശകൾക്ക് അന്തിമരൂപം നൽകാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ കൂടുതൽ ചർച്ചകൾ ആവശ്യമായതിനാൽ സമിതിയുടെ അടുത്ത യോഗം പിന്നീട് ചേരും.
ഉത്തർപ്രദേശ് നിയമസഭാ സ്പീക്കറും സമിതി അധ്യക്ഷനുമായ സതീഷ് മഹാനയുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടന്നത്. ഡൽഹി, മഹാരാഷ്ട്ര, കർണാടക, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള നിർദേശങ്ങളിൽ കൂടുതൽ ചർച്ചകൾ നടത്തിയ ശേഷമേ ശിപാർശകൾ ലോക്സഭയ്ക്ക് സമർപ്പിക്കൂവെന്ന് അദ്ദേഹം അറിയിച്ചു.
രാജ്യത്തെ നിയമസഭകൾ താരതമ്യേന കുറച്ച് ദിവസങ്ങൾ മാത്രമാണ് സമ്മേളിക്കുന്നത്. 2020 മുതൽ 2025 വരെയുള്ള കാലയളവിൽ മുൻ ഡൽഹി നിയമസഭയുടെ ശരാശരി സമ്മേളനദിനങ്ങൾ വർഷത്തിൽ 15 മാത്രമായിരുന്നു.