കോഴിക്കോട്: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം തടസപ്പെട്ടിരുന്ന 1600-ഓളം അധ്യാപകരുടെ പ്രശ്നങ്ങള്‍ ഏതാനും ദിവസങ്ങള്‍കൊണ്ട് പരിഹരിച്ച് ഉത്തരവ് പുറപ്പെടുവിക്കുമെന്നു മന്ത്രി എന്‍. ഷംസുദ്ദീന്.
സംസ്ഥാന അധ്യാപക ദിനാഘോഷം കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന് സ്മാരക ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നിയമന നടപടികള്‍ സുതാര്യമാക്കുന്നതിനും തടസമില്ലാതെ പൂര്‍ത്തിയാക്കുന്നതിനുമായി എല്ലാ സ്കൂളുകളിലും ഭിന്നശേഷിക്കാര്‍ക്കായി മാറ്റിവയ്ക്കേണ്ട നാലു ശതമാനം പോസ്റ്റുകള്‍ കൃത്യമായി രേഖപ്പെടുത്തും.
എല്ലാ സ്കൂളുകളിലെയും നിയമനങ്ങള്‍ ഉള്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക റോസ്റ്റര്‍ തയാറാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കുന്നതിനായി സുപ്രീംകോടതിയില്‍ ക്യുറേറ്റീവ് ഹർജി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കായിക വിദ്യാഭ്യാസത്തിനും കുട്ടികളുടെ ശാരീരിക ആരോഗ്യത്തിനും പ്രത്യേക ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി കായിക അധ്യാപകരുടെ തസ്തിക സൃഷ്ടിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്.
ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകരെ നിയമിക്കുന്നതിനായി നേരത്തേ നിശ്ചയിച്ചിരുന്ന 500 കുട്ടികള്‍ക്ക് ഒരു അധ്യാപകന് എന്ന പരിധി 300 ആയി കുറച്ചിരുന്നു.
പരമാവധി വിദ്യാലയങ്ങളില്‍ കായിക അധ്യാപകരുടെ സേവനം ഉറപ്പുവരുത്തുന്നതിനായി കൂടുതല്‍ ഇളവുകള്‍ നല്കുന്ന വിഷയം പ്രത്യേക സമിതിയുടെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ അഡ്വ. ഫൈസല്‍ ബാബു എംഎല്‍എ അധ്യക്ഷനായി.