തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കുമെന്ന് സർക്കാർ ഉത്തരവ്. വിരമിക്കുന്ന സമയത്തെ അടിസ്ഥാന ശന്പളത്തിന്റെ 50 ശതമാനമായിരിക്കും അഷ്വേർഡ് പെൻഷൻ സ്കീമിലെ പരമാവധി പെൻഷൻ തുക.
ഇതു സംസ്ഥാന സർക്കാർ അനുവദിച്ച ശന്പള സ്കെയിൽ അടിസ്ഥാനമാക്കിയാകും കണക്കാക്കുക. ക്ഷാമാശ്വാസവും (ഡിആർ) ഇതിനൊപ്പമുണ്ടാകും. പരമാവധി പെൻഷൻ ലഭിക്കുന്നതിന് 30 വർഷത്തെ സേവനം പൂർത്തിയാക്കിയിരിക്കണം.
നിലവിലെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് (നാഷണൽ പെൻഷൻ സ്കീം) പകരമായി അഷ്വേർഡ് പെൻഷൻ പദ്ധതി കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മിനിമം പെൻഷൻ ഉറപ്പാക്കുന്ന അഷ്വേർഡ് പെൻഷൻ സ്കീം 2026 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിലാക്കുമെന്നു പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.
2026 ഏപ്രിൽ ഒന്നുമുതൽ സർവീസിൽ പ്രവേശിക്കുന്നവർക്ക് അഷ്വേർഡ് പെൻഷൻ പദ്ധതിയോ നാഷണൽ പെൻഷൻ പദ്ധതിയോ തെരഞ്ഞെടുക്കാം. നിലവിൽ നാഷണൽ പെൻഷൻ സ്കീമിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ സ്കീം തെരഞ്ഞെടുക്കാനും അവസരമുണ്ട്.
പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും അടങ്ങിയ ഉത്തരവുകൾ പ്രത്യേകമായി ഇറക്കുമെന്നും ധനവകുപ്പ് അറിയിച്ചു. അതേസമയം, ഇപ്പോൾ പ്രഖ്യാപിച്ച അഷ്വേർഡ് പെൻഷൻ പദ്ധതി തട്ടിപ്പാണെന്നും പങ്കാളിത്ത പെൻഷൻ പദ്ധതിക്കു സമാനമായ വ്യവസ്ഥകൾ മാത്രമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും പ്രതിപക്ഷ സർവീസ് സംഘടനകൾ ആരോപിച്ചു.