കണ്ണൂർ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾക്കായി 120 കോടി രൂപയുടെ പദ്ധതിയുമായി ഇന്ത്യയിലെ മുൻനിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ.
ആസ്റ്റർ ഡി.എം. ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ അടുത്ത മൂന്നു വർഷത്തിനുള്ളിൽ രാജ്യത്തുടനീളം ആറ് അത്യാധുനിക ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കും.
ഗൂഡല്ലൂർ, ഗുണ്ടൽപേട്ട് തുടങ്ങിയ സമീപ പ്രദേശങ്ങൾ ഉൾപ്പെടെ വിശാല മലബാർ മേഖലയെ ലക്ഷ്യംവച്ചുള്ള ആദ്യത്തെ കേന്ദ്രം കേരളത്തിലെ വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ ആറുമാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. രണ്ടാമത്തെ സെന്റർ ബംഗളൂരുവിൽ തുടങ്ങാനാണ് പദ്ധതി.
ഹെൽത്ത്കെയറിന്റെ 39-ാമത് സ്ഥാപക ദിനാഘോഷങ്ങളോടനുബന്ധിച്ചാണു പ്രഖ്യാപനം. നിർധനരായ രോഗികൾക്ക് ഇളവുകൾ ഉണ്ടായിരിക്കും.
സമൂഹത്തിന്റെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിലും സാമൂഹിക-സാമ്പത്തിക വികസനത്തിലും ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.