ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ കൽക്കാജി മന്ദിറിന് സമീപമുള്ള ആസ്ഥ കുഞ്ച് പാർക്കിൽ 17 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിന് പിന്നാലെ, നഗരത്തിലെ പൊതു പാർക്കുകളിൽ സുരക്ഷാ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി. സൂര്യാസ്തമയത്തിന് ശേഷം പ്രത്യേക ഗേറ്റുകളിലൂടെയുള്ള പ്രവേശനം പരിമിതപ്പെടുത്താനും കൂടുതൽ സിസിടിവി ക്യാമറകളും വിളക്കുകളും സ്ഥാപിക്കാനും രാത്രികാല പട്രോളിംഗ് ശക്തമാക്കാനും ഡിഡിഎ ഉത്തരവിട്ടു.
തിങ്കളാഴ്ച വൈകുന്നേരമാണ് കൂട്ടുകാരനൊപ്പം പാർക്കിലെത്തിയ പെൺകുട്ടിയെ പൊലിസുകാരെന്ന വ്യാജേനയെത്തിയ മൂന്നംഗ സംഘം തടഞ്ഞുവെച്ച് പീഡിപ്പിച്ചത്. കേസിൽ പ്രതികളായ മൂന്ന് പേരെയും പൊലിസ് അറസ്റ്റ് ചെയ്തു. ഒന്നിലധികം കവാടങ്ങളുള്ള പാർക്കുകളിൽ വൈകുന്നേരത്തിന് ശേഷം തെരഞ്ഞെടുത്ത പ്രധാന ഗേറ്റുകളിലൂടെ മാത്രമേ പ്രവേശനം അനുവദിക്കു.
പാർക്കുകളിലെ ഇരുണ്ട ഭാഗങ്ങൾ കണ്ടെത്തി അടിയന്തരമായി ലൈറ്റുകളും ഫ്ലഡ്ലൈറ്റുകളും സ്ഥാപിക്കും. പ്രധാന കവാടങ്ങളിലും സുരക്ഷിതമല്ലാത്ത ഇടങ്ങളിലും കൂടുതൽ സിസിടിവി ക്യാമറകൾ ഘടിപ്പിക്കും. ഡൽഹി പൊലിസുമായി സഹകരിച്ച് ബൈക്ക് പട്രോളിംഗും സുരക്ഷാ ജീവനക്കാരുടെ പരിശോധനയും ശക്തമാക്കും.
ഏഴ് ദിവസത്തിനകം എല്ലാ ഡിഡിഎ പാർക്കുകളിലും അടിയന്തര ബന്ധപ്പെടൽ നമ്പറുകളും സുരക്ഷാ നിർദേശങ്ങളും അടങ്ങിയ ബോർഡുകൾ സ്ഥാപിക്കും. സംഭവത്തെ തുടർന്ന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ തരൻജിത് സിംഗ് സന്ധുവിന്റെ നിർദേശപ്രകാരം നഗരത്തിലെ മുഴുവൻ പാർക്കുകളിലും സമഗ്രമായ സുരക്ഷാ ഓഡിറ്റിംഗിനും ഉത്തരവിട്ടിട്ടുണ്ട്.