കാൽ നൂറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവിൽ യൂറോപ്യൻ ആകാശം അപൂർവ്വവും മനോഹരവുമായ ഒരു പ്രകൃതിപ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചു. ആഗസ്റ്റ് 12 ബുധനാഴ്ച സംഭവിച്ച അപൂർവ്വ പൂർണ സൂര്യഗ്രഹണത്തിൽ യൂറോപ്പിന്റെ വിവിധ ഭാഗങ്ങൾ മിനിറ്റുകളോളം പൂർണമായും ഇരുട്ടിലണ്ടു.
ഐസ്ലൻഡ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ പകൽ സമയം പെട്ടെന്ന് രാത്രിയായി മാറിയപ്പോൾ പ്രകൃതിയുടെ ഈ വിസ്മയം നേരിട്ട് കാണാൻ പതിനായിരക്കണക്കിന് ആളുകളാണ് തുറസായ സ്ഥലങ്ങളിലേക്കും പാർക്കുകളിലേക്കും ഒഴുകിയെത്തിയത്.
കഴിഞ്ഞ 27 വർഷത്തിനിടെ യൂറോപ്പിൽ ദൃശ്യമാകുന്ന ആദ്യത്തെ പൂർണ സൂര്യഗ്രഹണമായിരുന്നു ഇത്. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ കൃത്യമായി നിലയുറപ്പിച്ചതോടെ സൂര്യബിംബം പൂർണമായും മറയ്ക്കപ്പെട്ടു. ഏകദേശം 290 മുതൽ 300 കിലോമീറ്റർ വരെ വീതിയുള്ള പാതയിലൂടെ സഞ്ചരിച്ച ചന്ദ്രന്റെ നിഴൽ ഭൂമിയെ ഇരുട്ടിലാഴ്ത്തുകയായിരുന്നു.
പൂർണ ഗ്രഹണ പാതയിലുണ്ടായിരുന്ന ഇടങ്ങളിൽ വെളിച്ചം നിമിഷനേരം കൊണ്ട് മാഞ്ഞുപോവുകയും ചന്ദ്രന്റെ കറുത്ത നിഴലിന് ചുറ്റും സൂര്യന്റെ പ്രഭാവലയം മനോഹരമായ ഒരു വെള്ളി വളയം പോലെ തിളങ്ങിനിൽക്കുകയും ചെയ്തു.
സ്പെയിനിലെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ സവിശേഷമായ ഗ്രഹണക്കണ്ണടകളും അത്യാധുനിക ക്യാമറകളുമായാണ് ഈ അപൂർവ്വ നിമിഷം പകർത്തിയത്. വടക്കൻ സ്പെയിനിലൂടെ കടന്നുപോയ ഗ്രഹണം മെഡിറ്ററേനിയൻ തീരങ്ങളിലേക്കും ബലേറിക് ദ്വീപുകളിലേക്കും വ്യാപിച്ചു.
ഉയർന്ന ജനസാന്ദ്രതയുള്ള ചില പ്രദേശങ്ങളിൽ കഷ്ടിച്ച് ഒരു മിനിറ്റും 48 സെക്കൻഡും മാത്രമാണ് പൂർണ്ണ ഗ്രഹണം നീണ്ടുനിന്നതെങ്കിലും, സന്നിഹിതരായ ജനങ്ങൾ ആർപ്പുവിളികളോടെയും കൈയടികളോടെയുമാണ് ആകാശത്തെ ഈ നിഴൽനാടകത്തെ വരവേറ്റത്.
നിമിഷനേരം കൊണ്ട് പ്രകൃതിയിലുണ്ടായ മാറ്റം കാഴ്ചക്കാരിൽ വലിയ അത്ഭുതവും വൈകാരികമായ അനുഭവവുമാണ് സൃഷ്ടിച്ചത്. ഈ മനോഹര നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലും നിമിഷനേരം കൊണ്ട് തരംഗമായി മാറി.
സ്പെയിനിലെ കാസ്ട്രോജെറിസിൽ സൂര്യകാന്തി പാടങ്ങൾക്ക് മുകളിൽ ദൃശ്യമായ പൂർണ്ണ ഗ്രഹണത്തിന്റെ ചിത്രവും, താറഗോണയിൽ പകൽ വെളിച്ചം പെട്ടെന്ന് ഇരുട്ടിലേക്ക് വഴിമാറുന്നതിന്റെ ദൃശ്യങ്ങളും ദശലക്ഷക്കണക്കിന് ആളുകളാണ് പങ്കുവെച്ചത്. ഇത് ദൈവത്തിന്റെ ഏറ്റവും മനോഹരമായ സൃഷ്ടിയാണെന്നാണ് പലരും സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടത്.
കേവലം ഒരു ശാസ്ത്രീയ സംഭവത്തിനപ്പുറം കണ്ടുനിന്നവർക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അപൂർവ്വ അനുഭവമായിരുന്നു ഈ ഗ്രഹണം. പ്രത്യേകിച്ച് സ്പെയിനിൽ 1912-ന് ശേഷം ആദ്യമായാണ് രാജ്യത്തിന്റെ പ്രധാന ഭൂപ്രദേശത്ത് ഒരു പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകുന്നത്. ഒരു നൂറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവിൽ എത്തിയ ഈ ആകാശവിസ്മയം വാനനിരീക്ഷണ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന ഒന്നായി മാറി.