Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AthulyaChandran

യുവനടി പ്രതിയായ കേസില്‍ വന്‍ ട്വിസ്റ്റ് ; യുവ ഡോക്ടര്‍ക്കെതിരെ ബലാത്സംഗക്കേസ്

കൊച്ചി: കൊച്ചിയില്‍ യുവ നടി പ്രതിയായ കേസില്‍ വന്‍ ട്വിസ്റ്റ്. മര്‍ദനത്തില്‍ പരിക്കേറ്റ ഡോക്ടര്‍ക്കെതിരെ ഇന്‍ഫോപാര്‍ക്ക് പൊലിസ് ബലാത്സംഗക്കേസ് എടുത്തു. നഗരത്തിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറായ ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസിനെതിരേയാണ് (41) പൊലിസ് കേസെടുത്തത്. ഇയാളുടെ ഫോണ്‍ പൊലിസ് കസ്റ്റഡിയിലെടുത്തു.

യുവനടിയുടെ ബന്ധുവായ 50കാരിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ പത്തിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ഡോക്ടറുടെ പരിചയക്കാരിയായ സ്ത്രീയെ ഇയാള്‍ മദ്യം നല്‍കിയ ശേഷം ഹോട്ടലിലെത്തിച്ചു പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫോപാര്‍ക്ക് പൊലിസ് കേസെടുത്തത്. യുവ ഡോക്ടറെ പ്രമുഖ ആശുപത്രിയില്‍ നിന്ന് പുറത്താക്കിയതായാണ് വിവരം.

അതേസമയം, അടുത്ത ബന്ധുവിനെ പീഡനത്തിന് ഇരയാക്കിയ കുടുംബ ഡോക്ടറെ തടങ്കലിലാക്കി മര്‍ദിക്കുകയും പീഡനവിവരം പുറത്തുപറയാതിരിക്കാന്‍ മൂന്നു കോടി രൂപ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ നടിയും അഭിഭാഷകയുമായ എറണാകുളം ഹില്‍പാലസ് അന്‍സല്‍ സിറ്റി അപ്പാര്‍ട്ട്‌മെന്‍റില്‍ താമസിക്കുന്ന അതുല്യ ചന്ദ്ര (32), നടനും എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറുമായ ബി. ബിബിന്‍ പെരുമ്പിള്ളി (ബിബിന്‍ ബേബി 42), കെ.ബി. വിഷ്ണു (31) എന്നിവരെ കടവന്ത്ര പൊലിസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുപ്രതികളായ ഒമ്പതുപേര്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയ സാഹചര്യത്തിലാണ് പുതിയ ട്വിസ്റ്റ് ഉണ്ടായത്.

തിങ്കളാഴ്ച വൈകിട്ട് 6.30ന് പൊന്നുരുന്നി ജൂനിയര്‍ ജനതാ റോഡിലെ എസ്സെന്‍ സ്പ്രിംഗ് ഡേല്‍ അപ്പാര്‍ട്ട്‌മെന്‍റിലായിരുന്നു ഡോക്ടര്‍ക്ക് മര്‍ദനം ഏറ്റത്. പ്രമുഖ യുവനടന്‍ തന്‍റെ നിര്‍മ്മാണക്കമ്പനിയിലെ ജീവനക്കാര്‍ക്ക് താമസിക്കാന്‍ എടുത്ത അപ്പാര്‍ട്ട്‌മെന്‍റാണിത്.

അടുത്ത ബന്ധുവിന് അസുഖം മൂര്‍ച്ഛിച്ചെന്ന് അതുല്യ അറിയിച്ചതനുസരിച്ചാണ് കുരീക്കാട് സ്വദേശിയായ ഡോക്ടര്‍ അപ്പാര്‍ട്ട്‌മെന്‍റില്‍ എത്തിയത്. എന്നാല്‍ അവിടെ ബന്ധു ഉണ്ടായിരുന്നില്ല. പകരം പലഭാഗത്തായി തമ്പടിച്ചിരുന്ന പ്രതികള്‍ ഡോക്ടറെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു.

ഏതാനും ദിവസം മുമ്പ് ഡോക്ടറില്‍ നിന്നുണ്ടായ പീഡനശ്രമം അടുത്ത ബന്ധു അതുല്യയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇവര്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഡോക്ടറെ കുടുക്കാന്‍ പദ്ധതിയിടുകയായിരുന്നു. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം രാത്രി 10.30നാണ് ഡോക്ടറെ വിട്ടയച്ചത്.

ചൊവ്വാഴ്ച ആദ്യ ഗഡുവായി 25 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു ധാരണ. എന്നാല്‍ കളമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഡോക്ടര്‍ കടവന്ത്ര പൊലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ച്, ഇയര്‍പോഡ് എന്നിവ പ്രതികള്‍ കവര്‍ന്നതായും പരാതിയിലുണ്ടായിരുന്നു.

Latest News

Corehub Up