ക്രാക്കോവ്: ദക്ഷിണ പോളണ്ടിലെ ക്രാക്കോവ് നഗരത്തിലെ പ്രധാന മാർക്കറ്റ് ചത്വരത്തില്‍ നടന്ന വെടിവയ്പിലെ മുഖ്യപ്രതി മരിച്ചു. പൊലിസുമായുള്ള ഏറ്റുമുട്ടലിനിടയില്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 24 വയസുകാരനായ അക്രമി തിങ്കളാഴ്ച രാവിലെയാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്.
മരിച്ചവരുടെ എണ്ണം ആറായി: വെടിവയ്പില്‍ ഇതുവരെ ആറുപേരാണ് മരിച്ചത്. മൂന്ന് പോളീഷ് വനിതകളും ഒരു പോളീഷ് പുരുഷനും പുറമെ ഒരു ഓസ്ട്രിയന്‍ വനിതയും ഒരു ബ്രിട്ടീഷ് പൗരനുമാണ് മരിച്ചത്.
കൂടാതെ ബ്രിട്ടന്, പോര്‍ച്ചുഗല്‍, റഷ്യ, ജര്‍മനി, ഓസ്ട്രിയ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെ കീഴ്പ്പെടുത്തുന്നതിനിടയില്‍ പരിക്കേറ്റ രണ്ട് പൊലിസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കുടുംബാംഗങ്ങളെയും കൊലപ്പെടുത്തി: അക്രമത്തിന് മുമ്പ്, ഏകദേശം 150 കിലോമീറ്റര്‍ അകലെയുള്ള ഓസ്ട്രോവിയക് സ്വിയോടോക്ര്സീസ്കിയിലെ സ്വന്തം വീട്ടില്‍ വച്ച് തന്റെ മാതാവിനെയും സഹോദരിയെയും ഇയാള്‍ കൊലപ്പെടുത്തിയിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി.
തീവ്രവാദ കുറ്റകൃത്യമായി അന്വേഷണം: ഈ ഭീകരമായ ആക്രമണത്തെ തീവ്രവാദ കുറ്റകൃത്യമായാണ് അധികാരികള്‍ അന്വേഷിക്കുന്നത്. അക്രമി തീവ്രവലതുപക്ഷ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി മാര്ട്ടിന് കിയെര്വിന്സ്കി വ്യക്തമാക്കി.
എങ്കിലും ഇയാള്‍ ഏതെങ്കിലും നിരോധിച്ച തീവ്രവാദ സംഘടനയുടെ ഭാഗമാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ചരിത്രത്തിലാദ്യമായി നിലച്ച ട്രംപെറ്റ് കോള്‍: സംഭവത്തില്‍ രാജ്യമെമ്പാടും കനത്ത ദുഃഖവും ഞെട്ടലുമാണ് നിലനില്‍ക്കുന്നത്. ക്രാക്കോവ് പ്രധാന ചത്വരത്തില്‍ എല്ലാ മണിക്കൂറിലും പതിവായി മുഴങ്ങാറുള്ള ചരിത്രപ്രസിദ്ധമായ "സെന്റ് മേരീസ് ട്രംപെറ്റ് കോള്‍' മരിച്ചവരുടെ ഓര്‍മയ്ക്കായി താത്കാലികമായി നിര്‍ത്തലാക്കി.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഈ ആചാരം ഇത്തരത്തില്‍ മാറ്റിവയ്ക്കപ്പെടുന്നത്. അക്രമം നടന്ന സ്ഥലത്ത് നൂറുകണക്കിന് ആളുകളാണ് മെഴുകുതിരികളും പൂക്കളും അര്‍പ്പിച്ച് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്.