എടത്വ: ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കും പുരോഹിതന്മാര്ക്കും സ്ഥാപനങ്ങള്‍ക്കും എതിരേ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ ഏറെ അസ്വാസസ്ഥ്യജനകവും അപലപനീയവും എന്നു കത്തോലിക്ക കോണ്‍ഗ്രസ്.
ഭാരതത്തിന്റെ മതേതരത്വത്തിന് അപമാനം വരുത്തുന്ന, നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഇത്തരം ആക്രമണങ്ങളില്‍ മരിയാപുരത്ത് ചേര്‍ന്ന കത്തോലിക്ക കോണ്‍ഗ്രസ് നേതൃയോഗം പ്രതിഷേധം രേഖപ്പെടുത്തി. ക്രൈസ്തവ സമൂഹത്തിന്റെ ഏറ്റവും പ്രധാന ആഘോഷങ്ങളില്‍ ഒന്നായ ക്രിസ്മസ് കാലത്ത് ദേവാലയങ്ങളുടെ പരിസരത്തും വഴിയോരങ്ങളിലും അരങ്ങേറിയ അതിക്രമങ്ങള്‍ സമാനതകളില്ലാത്തതാണ്.
അക്രമങ്ങള്‍ക്ക് അറുതിവരുത്തുന്നതിനും എല്ലാ സമുദായത്തില്‍ പെട്ടവര്‍ക്കും, സമാധാനത്തോടും സുരക്ഷിത ബോധത്തോടും കൂടെ, ജീവിക്കുന്നതിനുള്ള അവകാശം ഉറപ്പു വരുത്തുന്നതിനും ചുമതലപ്പെട്ടവര്‍ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഭരണാധികാരികളുടെ നിസ്സംഗതയും നിഷ്ക്രിയത്വവും അക്രമസംഭവങ്ങളുടെ വര്‍ധനവിന് ഇടയാക്കിയിട്ടുണ്ടെന്നും നിയമവാഴ്ചയുടെ പരാജയം ഭരണഘടനയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുമെന്നും യോഗം ചൂണ്ടിക്കാട്ടി.
നമ്മുടെ മഹത്തായ ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങളും മതേതര മൂല്യങ്ങളും മതസ്വാതന്ത്ര്യവും കോട്ടം കൂടാതെ നിലനിര്‍ത്തുമെന്ന് പ്രഖ്യാപിക്കാനും ഭരണഘടന എല്ലാവരുടെയും സുരക്ഷാ കവചമാണ് എന്ന മഹത്തായ സന്ദേശം നല്‍കാനും ഭരണാധികാരികള്‍ മുന്നോട്ട് വരണമെന്നും റിപ്പബ്ലിക്ക് ദിനത്തില്‍ ചേര്‍ന്ന യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അക്രമത്തിന് ഇരയായവര്ക്കെതിരേ കേസെടുക്കുകയും അക്രമം നടത്തിയവര്‍ക്കെതിരേ നാമമാത്ര നടപടി മാത്രം കൈക്കൊള്ളുകയും ചെയ്യുന്ന നടപടി നീതിനിഷേധമാണ്.
സമുദായ ശക്തീകരണ വര്‍ഷത്തില്‍ യൂണിറ്റ് തല ശക്തീകരണം ലക്ഷ്യമാക്കി പുതിയതായി 10 പേര്‍ക്ക് സംഘടനയുടെ അംഗത്വം നല്കി. മരിയാപുരം പള്ളി പ്രീസ്റ്റ് ഇൻ-ചാര്‍ജ് ഫാ. അജോ പീടിയേക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് എടത്വ ഫൊറോനാ പ്രസിഡന്റ് തോമസ് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. പി.ജെ. ജോസഫ്, വി.ഡി. ജോസ്, സാലിമ്മ മാത്യു, സിബിച്ചന് വര്‍ഗീസ്, ആഗ്നല്‍ പി. തോമസ്, ജോസി വര്‍ഗീസ്, ത്രേസ്യാമ്മ ജോസഫ്, സൂസമ്മ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.