ജനീവ: അന്താരാഷ്ട്ര സമുദ്രപാതകളിൽ വാണിജ്യകപ്പലുകൾക്കു നേരേ നടക്കുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ രംഗത്ത്.
പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുഎൻ സുരക്ഷാ കൗൺസിലിലാണ് ഇന്ത്യ തങ്ങളുടെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത്. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹരീഷ് പർവതനേനിയാണ് നിലപാട് വ്യക്തമാക്കിയത്.
നിലവിലെ സ്ഥിതിഗതികളിൽ ഇന്ത്യ ശക്തമായ ആശങ്ക രേഖപ്പെടുത്തി. കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ എല്ലാ കക്ഷികളും അടിയന്തരമായി ആത്മസംയമനം പാലിക്കണമെന്നും നയതന്ത്രത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ആഗോളതലത്തിൽ വാണിജ്യകപ്പലുകളിൽ ഏറ്റവുമധികം ജോലിചെയ്യുന്നത് ഇന്ത്യൻ പൗരന്മാരാണ്.
ആക്രമണങ്ങൾ തുടർക്കഥയാകുന്നത് തങ്ങളുടെ പൗരന്മാരുടെ ജീവനുഭീഷണിയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.പശ്ചിമേഷ്യൻ മേഖലയിൽ മാത്രം ഒരു കോടിയോളം ഇന്ത്യൻ പൗരന്മാർ ജോലിചെയ്യുന്നുണ്ട്. ഇവരുടെ സുരക്ഷയ്ക്കാണ് ഇന്ത്യ പ്രഥമപരിഗണന നൽകുന്നത്.
പശ്ചിമേഷ്യയിലെ അസ്ഥിരത അന്താരാഷ്ട്ര വ്യാപാരത്തെയും ഇന്ത്യയുടെ ഊർജ ഇറക്കുമതിയെയും ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാൻ അന്താരാഷ്ട്ര നിയമങ്ങളെ എല്ലാവരും മാനിക്കണമെന്നും യുഎന്നിൽ ഇന്ത്യ ആവശ്യപ്പെട്ടു. അതിനൊപ്പം ഗാസയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും തർക്കങ്ങൾ പരിഹരിക്കാൻ ദ്വിരാഷ്ട്ര ഫോർമുല നടപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.