ചാലക്കുടി: മയക്കുമരുന്ന് വില്പന നടത്താൻ വിസമ്മതിച്ച വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാളെ എസ്പിയുടെ ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടി. മലപ്പുറം അകപ്പാടം സ്വദേശി സാദിഖിനെ (45) ആണ് ചാലക്കുടിപ്പുഴപ്പാലത്തിനു താഴെയുള്ള താവളത്തിൽനിന്ന് എസ്ഐ സതീശൻ മഠപ്പാട്ടിൽ, എഎസ്ഐമാരായ എ.യു. റെജി, വി.യു. സിൽജോ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
ഹൗസിംഗ് ബോർഡ് കോളനിയിൽ താമസിക്കുന്ന ഒന്‍പതാം ക്ലാസുകാരനായ വിദ്യാർഥിയെയാണു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഒരുമാസമായി വിദ്യാർഥിയെ മയക്കുമരുന്ന് വില്പന നടത്താൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം വൈകുന്നേരം കണ്ണന്പുഴ ക്ഷേത്രപരിസരത്ത് വിദ്യാർഥിയെ തടഞ്ഞുനിർത്തി മയക്കുമരുന്ന് വിൽക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ച വിദ്യാർഥിയെ പിടികൂടി ബലമായി കൊണ്ടുപോകാൻ ശ്രമിച്ചതോടെ വിദ്യാർഥി ഇയാളുടെ കൈയിൽ കടിച്ച് കുതറിയോടി രക്ഷപ്പെടുകയായിരുന്നു.
ഒരു കിലോമീറ്ററോളം ഓടിയ വിദ്യാർഥി വാർഡ് കൗണ്‍സിലർ വി.ജെ. ജോജിയുടെ വീട്ടിൽ അഭയംതേടി. കൗണ്‍സിലർ ഉടൻ ഇക്കാര്യം ലഹരിവിരുദ്ധ സ്ക്വാഡിനെ അറിയിച്ചു. സമീപത്തെ കാമറകൾ പരിശോധിച്ച് വിദ്യാർഥിക്കു പിന്നാലെ ഓടുന്ന പ്രതിയുടെ വീഡിയോദൃശ്യങ്ങൾ കണ്ടെത്തി. തുടർന്ന് പൊലിസ് ചാലക്കുടിപ്പാലത്തിനടിയിൽനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.