പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് ബാങ്കിൽനിന്ന് പുറത്തിറങ്ങിയ ആളുടെ കൈവശമുണ്ടായിരുന്ന 6.5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ഗൂഡല്ലൂർ വണ്ടിപ്പേട്ട സ്വദേശി വിൽസൺ (47), നെന്മിനി മുള്ളത്ത് വീട്ടിൽ റാഷിദ് (35), നെന്മിനി ഒറക്കോട്ടിൽ അമീർ (28) എന്നിവരെയാണ് പെരിന്തൽമണ്ണ സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ പിടികൂടിയത്. കൃഷ്ണഗിരി സ്വദേശി എസ്. സുബിയാഷിന്റെ പരാതിയിലാണ് അറസ്റ്റ്.
വെള്ളിയാഴ്ച രാവിലെ 10.30 -ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. അങ്ങാടിപ്പുറം എസ്ബിഐ ശാഖയിൽനിന്ന് പണം പിൻവലിച്ച് സുബിയാഷ് പുറത്തിറങ്ങുമ്പോൾ റോഡരികിൽ പാർക്ക് ചെയ്ത കാറിൽനിന്നെത്തിയ വിൽസൺ ബാഗ് തട്ടിപ്പറിക്കാൻ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പ്രതികളെ പിടികൂടി പൊലിസിൽ ഏൽപ്പിച്ചത്.
തമിഴ്നാട്ടിലെ ഹൊസൂരിൽ ഡ്രൈവറാണെന്നും തെങ്കാശി സ്വദേശി നാഗരാജുവിന് പുത്തൂർ സ്വദേശി റഫീഖ് നൽകാനുള്ള പണം പെരിന്തൽമണ്ണയിലെ ജയന്തിയുടെ അക്കൗണ്ടിലേക്ക് അയച്ചതാണെന്നുമാണ് സുബിയാഷ് പൊലിസിനോട് പറഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു.