മോഹൻലാലിന്റെ നേതൃത്വത്തിൽ ഡിസ്നിയിൽ നടക്കേണ്ടിയിരുന്ന ഷോ മാറ്റിവച്ചു. മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടാത്തതിനാലാണ് ഷോ മാറ്റിവയ്ക്കേണ്ടി വന്നത്.
മോഹൻലാലിന് മാത്രമാണ് വിസ ലഭിക്കാതിരുന്നത്. കെ.എസ്. ചിത്രയും മനോജ് കെ. ജയനും അടങ്ങുന്ന മറ്റു താരങ്ങൾ ഓസ്ട്രേലിയയിലെത്തിയിരുന്നു. വിസ ലഭിക്കുമെന്ന വിശ്വാസത്തിൽ മോഹൻലാൽ സിംഗപൂർ വരെ എത്തിയിരുന്നു. എന്നാൽ എല്ലാ രീതിയിലും പരിശ്രമിച്ചിട്ടും താരത്തിന് വിസ ലഭിച്ചില്ല. അതിനാൽ ഷോ കാൻസൽ ചെയ്യുകയായിരുന്നു. പകരം സിംഗപൂരിൽ നിന്നും മോഹൻലാൽ ന്യൂസിലാൻഡിലേയ്ക്ക് പോകും. ചിത്ര ഉൾപ്പെടുന്ന സംഘവും ന്യൂസിലാൻഡിൽ എത്തും. തുടർന്ന് അവിടെ ഷോ നടത്തും.
സംഭവത്തിൽ വൈകാരിമായി ക്ഷമ ചോദിച്ച് മോഹൻലാൽ വീഡിയോ സന്ദേശം അയച്ചു. വിസ കിട്ടിയില്ലെന്നും എങ്ങനെയാണ് അത് സംഭവിച്ചതെന്ന് അറിയില്ലെന്നും വീഡിയോ സന്ദേശത്തിൽ മോഹൻലാൽ പറയുന്നുണ്ട്.
'സാങ്കേതിക പിഴവാണോ അതോ ക്ലറിക്കൽ മിസ്റ്റേക്കാണോ എന്താണെന്ന് ഞാൻ അതിൻ്റെ കൂടുതൽ കാര്യങ്ങളിലേയ്ക്ക് പോകുന്നില്ല. എന്റെ കുറ്റമായി തന്നെ ഞാൻ അത് നിങ്ങളോട് പറയുന്നു. എനിക്ക് വരാൻ പറ്റുന്നില്ല. ഞാൻ ഒഴിച്ച് എല്ലാവരും അവിടെയുണ്ട്. എനിക്കറിയില്ല എന്ത് പറയണമെന്ന്. ഞാൻ ക്ഷമ ചോദിക്കുന്നു' എന്നാണ് വീഡിയോ സന്ദേശത്തിൽ മോഹൻലാൽ പറഞ്ഞിരിക്കുന്നത്.