ഇടുക്കി: കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ കടുത്ത ചൂടു മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
സൂര്യാഘാതം, ഇതു മൂലമുള്ള ശരീര ശോഷണം, ചൂടുകൊണ്ട് ഉണ്ടാകുന്ന പേശിവലിവ്, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയാണ് പ്രധാനമായും ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍.
അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തില്‍ ഉണ്ടാകുന്ന താപം കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റി വരണ്ട ചുവന്ന ചര്‍മം, ശക്തമായ തലവേദന,തലകറക്കം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, അപസ്മാരം, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍.
ചൂടുള്ള കാലാവസ്ഥയില്‍ കൂടുതല്‍ സമയം വെയിലത്ത് ചെലവഴിക്കുന്നത് പൊള്ളലേല്‍ക്കുന്നതിനു കാരണമാകും. കുട്ടികളിലും മുതിര്‍ന്നവരിലുമാണ് സൂര്യാതപം കൊണ്ടുണ്ടാകുന്ന പൊള്ളലുകള്‍ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യത. സൂര്യാതപം മൂലം പൊള്ളല്‍ ഏറ്റെന്ന് സംശയമുള്ളവരെ വളരെ പെട്ടെന്ന് തണലത്തേക്ക് മാറ്റുക. ധാരാളം വെള്ളം കുടിപ്പിക്കുക, പൊള്ളലേറ്റ ഭാഗത്ത് തണുത്ത വെള്ളം സാവധാനം ഒഴിക്കുകയോ തണുത്ത വെള്ളത്തില്‍ മുക്കിയ സ്പോഞ്ച് കൊണ്ട് മൃദുവായി തുടയ്ക്കുകയോ ചെയ്യുക.
സൂര്യാതപം ഏറ്റുള്ള ശരീര ശോഷണം സൂര്യാഘാതത്തേക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ്. കനത്ത ചൂടിനെത്തുടര്‍ന്ന് ശരീരത്തില്‍നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെത്തുടര്ന്നാണ് സൂര്യാതപം ഏല്ക്കുമ്പോള് ശരീരശോഷണം ഉണ്ടാകുന്നത്.
ക്ഷീണം, കഠിനമായ വിയര്‍പ്പ് ,തലകറക്കം, തലവേദന, പേശിവലിവ്, ഛര്‍ദി, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാവുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍.
പ്രായമുള്ളവര്‍, ശിശുക്കള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ ,പോഷകാഹാരക്കുറവുള്ളവര്‍ എന്നിവർക്കും പ്രമേഹം, വൃക്ക രോഗങ്ങള്‍, ഹൃദ്രോഗം മുതലായ രോഗമുള്ളവര്‍ക്കും ചെറിയ രീതിയില്‍ സൂര്യാഘാതം ഏറ്റാല്‍പോലും ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാം.
വേനല്‍ക്കാലത്ത് ദാഹം തോന്നിയില്ലെങ്കില്‍പോലും ധാരാളം വെള്ളം കുടിക്കുക. വെയിലത്ത് ജോലി ചെയ്യേണ്ടിവരുന്ന അവസരങ്ങളില്‍ ഉച്ചസമയം വിശ്രമവേളയായി പരിഗണിച്ച് ജോലിസമയം രാവിലെ 11നു മുമ്പും മൂന്നിനു ശേഷവുമായി ക്രമീകരിക്കുക. കാഠിന്യമേറിയ ജോലികള്‍ രാവിലെയോ വൈകുന്നേരങ്ങളിലോ ചെയ്യാന്‍ ശ്രമിക്കുക. കുട്ടികളെ അതികഠിനമായ വെയിലുള്ള സമയങ്ങളില്‍ കളിക്കാന്‍ അനുവദിക്കാതിരിക്കുക .
കാറ്റ് കടന്ന് ചൂട് പുറത്തു പോകത്തക്ക വിധത്തില്‍ വീടിന്റെ വാതിലുകളും ജനാലകളും തുറന്നിടുക. കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക. കഫീന്‍ അടങ്ങിയ പാനീയങ്ങള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, മദ്യം എന്നിവയുടെ ഉപയോഗം കുറയ്ക്കുക, ജലാംശമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക. വെയിലത്ത് നടക്കേണ്ട അവസരങ്ങളില്‍ കുട ഉപയോഗിക്കുക, ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുന്ന അറിയിപ്പുകള് ശ്രദ്ധിക്കുക.