ചിറ്റൂർ: ഗവ. കോളജിനു സമീപം ചിറ്റൂർ പുഴപ്പാലത്തിൽ നാളെമുതൽ തുടങ്ങിനിരുന്ന അറ്റകുറ്റപ്പണികൾ ചില സാങ്കേതിക തടസങ്ങൾ കാരണം നീട്ടിവച്ചതായി പൊതുമരാമത്ത് പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്റ് എൻജിനിയര്‍ അറിയിച്ചു.
പ്രവൃത്തികള്‍ തുടങ്ങുന്ന തീയതി പിന്നീട് അറിയിക്കുമെന്നും പറഞ്ഞു. എന്നാൽ പുഴപ്പാലം അറ്റകുറ്റപ്പണികൾ നടത്താനായി ആറിനു രാത്രി പത്തിനുശേഷം അടച്ചിടുമെന്ന് സ്ഥലം എംഎൽഎ സുമേഷ് അച്യുതൻ അറിയിച്ചു.
പാലം അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് വിവിധയിടങ്ങിൽനിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭ്യമാകുന്നത്. പാലം പൊളിക്കുന്നതിനു മുന്‍പായി സഞ്ചാരയോഗ്യമായി ബദൽമാർഗം ഉറപ്പാക്കിയശേഷമേ അറ്റകുറ്റ പ്പണികൾ ആരംഭിക്കാവൂ എന്നാവശ്യപ്പെട്ട് ചിറ്റൂർ കോളജ് എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ പൊതുമരാമത്ത് അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്. പാലത്തിൽ സ്ലാബുകൾ മാറ്റുന്ന പണി നടക്കുന്നതിനാൽ കാൽനടയാത്ര പോലും സുരക്ഷിതമാകില്ലെന്നു യാത്രികരും വിലയിരുത്തുന്നു.
സ്വകാര്യ ബസുകൾ പാലത്തിന് ഇരുവശത്തുമെത്തി തിരിച്ചു പോവുന്നതിന് സമയക്രമീകരണം നടത്തിയതായി ചിറ്റൂർ താലൂക്ക് ബസ് ഓപറ്റേഴ്സ് യൂണിയൻ സെക്രട്ടറി സുധാകരൻ പ്രതികരിച്ചു.
എന്നാൽ കെഎസ്ആർടിസി ബസ് ഓടുന്ന റൂട്ടുകൾ സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നു ചിറ്റൂർ ഡിപ്പോ മാനേജരും വ്യക്തമാക്കി.