ആലപ്പുഴ/തുറവൂർ: ആലപ്പുഴയിൽ രജിസ്റ്റർ ചെയ്യാത്ത ബോട്ടുകൾ 15 ദിവസത്തിനകം മടങ്ങണമെന്ന് രജിസ്റ്ററിംഗ് അഥോറിറ്റി. പോർട്ട് ഓഫ് രജിസ്റ്ററിയിൽ വേമ്പനാട് കായലിൽ സവാരി നടത്തുന്ന മറ്റ് പോർട്ട് ഓഫ് രജിസ്റ്ററികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ യന്ത്രവത്കൃത ഉൾനാടൻ ജലയാനങ്ങളും യഥാക്രമം രജിസ്റ്റർ ചെയ്തിട്ടുള്ള പോർട്ട് ഓഫ് രജിസ്റ്ററികളിലേക്ക് മടങ്ങണമെന്നാണ് ഉത്തരവ്. ഉടനടി പ്രവർത്തനം അവസാനിപ്പിച്ച് 15 ദിവസത്തിനകം മടങ്ങി പോയില്ലെങ്കിൽ പിടിച്ചെടുത്ത് ഡിറ്റൻഷൻ യാർഡിലേക്ക് മാറ്റുന്നതാണെന്നും രജിസ്റ്ററിംഗ് അഥോറിറ്റി അറിയിച്ചു.
അതേസമയം, ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹൗസ് ബോട്ടുകൾ മാത്രമേ പുന്നമടയിലും ആലപ്പുഴയിലും സർവീസ് നടത്താൻ പാടുള്ളൂ എന്ന മാരിടൈം ബോർഡിന്റെ തീരുമാനത്തെ സ്വാഗതംചെയ്ത് ആലപ്പുഴയിലെ ഹൗസ്ബോട്ട് ഉടമകൾ. ആലപ്പുഴ ഹൗസ് ബോട്ട് വ്യവസായത്തിന് പുത്തനുണർവ് നൽകുന്ന തീരുമാനമാണിതെന്നാണ് ഇവിടത്തെ ഹൗസ് ബോട്ട് ഉടമകൾ പറയുന്നത്.
ആലപ്പുഴ കേന്ദ്രീകരിച്ച് കൂടുതലും ഒന്നും രണ്ടും മൂന്നും മുറികളുള്ള പരന്പരാഗത ബോട്ടുകളാണ് സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്. കൊല്ലത്തും കൊടുങ്ങല്ലൂരും മറ്റു ജില്ലകളിലും രജിസ്റ്റർ ചെയ്ത് 10 മുതൽ 20 വരെയുള്ള മുറികൾ ഉണ്ടാക്കി വലിയ ഹൗസ് ബോട്ടുകൾ ആലപ്പുഴയിൽ സർവീസ് ആരംഭിച്ചത് പരമ്പരാഗത ഹൗസ്ബോട്ടുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു.
ഓരോ റൂമിന് 2000 മുതൽ 4000 രൂപ വരെ ഈടാക്കിയാണ് വലിയ ഹൗസ് ബോട്ടുകൾ സർവീസ് നടത്തുന്നത്. ആലപ്പുഴയിലെ ഒന്നും രണ്ടും മൂന്നും മുറികൾ മാത്രമുള്ള ബോട്ടുകളുടെ ബിസിനസിനെ ഇത് സാരമായി ബാധിച്ചു. ഒട്ടുമിക്ക ബോട്ടുകളും സർവീസ് നിർത്തിവയ്ക്കേണ്ട അവസ്ഥയും ഉണ്ടായി.
ആലപ്പുഴ കേന്ദ്രീകരിച്ചുള്ള പരമ്പരാഗത ഹൗസ് ബോട്ട് വ്യവസായത്തിന് ഈ തീരുമാനം ഉണർവേകുമെന്നാണ് ടൂറിസം മേഖലയിലുള്ളവർ പറയുന്നത്. കൂടാതെ മലിനീകരണം ഏറെക്കുറെ നിയന്ത്രിക്കാനും സാധിക്കും. നിലവിൽ ആയിരത്തിലധികം ഹൗസ് ബോട്ടുകളാണ് ആലപ്പുഴ കേന്ദ്രീകരിച്ച് സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ആലപ്പുഴയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബോട്ടുകൾക്ക് മാത്രം അനുമതി നൽകുന്ന സാഹചര്യത്തിൽ ഇത് 500 ആയി കുറയും. അതോടൊപ്പം തന്നെ കൂടുതൽ ബുക്കിംഗിലൂടെ കൂടുതൽ വരുമാനവും സാധാരണ ഇടത്തരം ഹൗസ്ബോട്ട് ഉടമകൾക്ക് ലഭിക്കുമെന്നാണ് ഉടമകൾ പറയുന്നത്.