ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' എന്ന പുസ്തകത്തിന്റെ പ്രസാധനാവകാശത്തിൽ നിന്ന് പെൻഗ്വിൻ ഇന്ത്യ പിന്മാറിയതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്. 2004-ലെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നരേന്ദ്ര മോദി തന്നെ "ജേഴ്സി പശു" എന്ന് പരസ്യമായി അധിക്ഷേപിച്ച സംഭവവും, പിന്നീട് പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദിയുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചകളിലെ അനുഭവങ്ങളും വ്യക്തിപരമായ നിരീക്ഷണങ്ങളുമാണ് പ്രസാധകർ പുസ്തകത്തിൽ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട ഉള്ളടക്കങ്ങളിൽ ആദ്യത്തേത്.
രണ്ടാമതായി മോദിയെ ഇന്ത്യയുടെ മറ്റ് മുൻ പ്രധാനമന്ത്രിമാരുമായി സോണിയ നേരിട്ട് താരതമ്യം ചെയ്യുന്ന ഭാഗങ്ങളും ഇതിലുണ്ട്. ബിജെപിയുടെ മാതൃസംഘടനയും പ്രത്യയശാസ്ത്ര സ്രോതസുമായ ആർഎസ്എസിനെക്കുറിച്ചും, രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ അവർ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുമുള്ള സോണിയയുടെ തുറന്നെഴുത്തുകൾ ഒഴിവാക്കണമെന്നും പെൻഗ്വിൻ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മൂന്നാമതായി ഇന്ത്യ-ചൈന അതിർത്തിയിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ നടന്ന ചൈനീസ് കടന്നുകയറ്റങ്ങളെക്കുറിച്ചും കേന്ദ്ര സർക്കാർ ഇത് കൈകാര്യം ചെയ്ത രീതിയെക്കുറിച്ചുമുള്ള രൂക്ഷ വിമർശനങ്ങൾ പുസ്തകത്തിലുണ്ട്. അതിർത്തിയിലെ യഥാർത്ഥ വസ്തുതകൾ സർക്കാർ മറച്ചുവെക്കുകയാണെന്ന ആരോപണം സോണിയ പുസ്തകത്തിലൂടെ ഉന്നയിക്കുന്നു.
താൻ കടന്നുപോയ രാഷ്ട്രീയ സംഭവവികാസങ്ങളിൽ പ്രസാധകരുടെ സമ്മർദത്തിന് വഴങ്ങി യാതൊരുവിധ തിരുത്തലുകൾക്കോ മാറ്റങ്ങൾക്കോ തയ്യാറല്ലെന്ന് വ്യക്തമാക്കിയാണ് സോണിയ ഗാന്ധി പെൻഗ്വിനുമായുള്ള കരാർ അവസാനിപ്പിച്ചത്. വായനക്കാരിൽ വലിയ ആകാംക്ഷ ഉണർത്തുന്ന ഈ ഭാഗങ്ങളോടെ പുസ്തകം നവംബർ 10-ന് അന്താരാഷ്ട്രതലത്തിൽ പുറത്തിറങ്ങും.