തിരുവനന്തപുരം: സ്വയംഭരണ കോളജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കാൻ അനുമതി നൽകുന്നതിനെ എതിർക്കുന്നവരോട് ഒന്നേ ചോദിക്കാനുള്ളൂ, നമ്മുടെ കുട്ടികൾ സ്വന്തം നാട്ടിൽ പഠിച്ച് ലോകത്തോട് മത്സരിക്കാൻ പ്രാപ്തരാകുന്നതിൽ എന്തിനാണ് ഇത്ര അസഹിഷ്ണുത- ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ ഫേസ്ബുക്കിൽ കുറിച്ചു.
സ്വയംഭരണ കോളജുകൾക്ക് സ്വാശ്രയ കോഴ്സുകൾ നടത്തുന്നതിന് സർക്കാരിന്റെ എൻഒസി വേണ്ടെന്ന സർക്കുലറിനെതിരേ പ്രതിപക്ഷം രംഗത്തുവന്നതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുകയാണ് യുഡിഎഫ് സർക്കാരിന്റെലക്ഷ്യം. പഠനത്തിനായി വിദ്യാർഥികൾ അന്യസംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും പോകേണ്ടിവരുന്ന സാഹചര്യം മാറ്റി, ലോകോത്തര പഠനാവസരങ്ങൾ സ്വന്തം നാട്ടിൽത്തന്നെ ഒരുക്കുകയാണ് സർക്കാർ.
വികസനവിരുദ്ധ നിലപാടുകൾക്ക് കേരളത്തിന്റെ ഭാവി ബലികൊടുക്കാനാവില്ല. സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെ ‘’സ്വാശ്രയം അറബിക്കടലിൽ’’ എന്ന മുദ്രാവാക്യമുയർത്തി സമരം നയിച്ച സിപിഎമ്മിന്റെ ഇന്നത്തെ നിലപാട് രാഷ്ട്രീയ ഇരട്ടത്താപ്പിന്റെ ഉദാഹരണമാണ്.
കൂത്തുപറമ്പിലെ വെടിവയ്പും രജനി എസ്. ആനന്ദിന്റെ ആത്മഹത്യയെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങളും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ വേദനാജനകമായ അധ്യായങ്ങളാണ്. അന്ന് സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരേ സമരം നയിച്ചവർ പിന്നീട് അധികാരത്തിലെത്തിയപ്പോൾ വിദേശ-സ്വകാര്യ സർവകലാശാലകൾക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിച്ചു.
എതിർത്ത നയങ്ങൾ അധികാരത്തിലെത്തുമ്പോൾ സ്വീകരിക്കുകയും പ്രതിപക്ഷത്തിരിക്കുമ്പോൾ വീണ്ടും എതിർക്കുകയും ചെയ്യുന്ന സമീപനമാണ് സിപിഎമ്മിന്റേത്.
വിദേശ-സ്വകാര്യ നിക്ഷേപത്തിനെതിരേ പ്രതിഷേധിച്ച് മുൻ നയതന്ത്രജ്ഞൻ ടി.പി. ശ്രീനിവാസനെ വഴിയിൽ തടഞ്ഞുനിർത്തി കരണത്തടിച്ച സംഭവവും മന്ത്രി ഓർമിപ്പിച്ചു. സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനവിന് വഴിയൊരുക്കിയ മുൻ എൽഡിഎഫ് സർക്കാരിന്റെ നടപടികളും പിന്നീട് സ്വകാര്യ സർവകലാശാലാ ബിൽ അവതരിപ്പിച്ച സിപിഎം നേതൃത്വത്തിന്റെ നിലപാടുകളും ഇന്നത്തെ വിമർശനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
എത്ര പ്രതിസന്ധികളുണ്ടായാലും അക്കാദമിക സ്വയംഭരണവുമായി സർക്കാർ മുന്നോട്ടുപോകും. ഇത് കേവലമായ രാഷ്ട്രീയ വാശിയല്ല, കേരളത്തിന്റെഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള ദീർഘവീക്ഷണത്തോടെയുള്ള നയപരമായ തീരുമാനമാണ്.
മെറിറ്റും സംവരണവും സംരക്ഷിച്ചും ഫീസ് നിയന്ത്രണങ്ങളിൽ നീതിയും സുതാര്യതയും ഉറപ്പാക്കിയും മാത്രമായിരിക്കും ഈ മുന്നേറ്റം. കേരളത്തിലെ വിദ്യാർഥികൾക്ക് ലോകോത്തര വിദ്യാഭ്യാസ അവസരങ്ങൾ സ്വന്തം നാട്ടിൽതന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽനിന്ന് സർക്കാർ പിന്നോട്ടുപോകില്ല.