ആകാശത്തിലെ അത്ഭുതക്കാഴ്ചയായി എമിറേറ്റ്സ് എയർലൈൻസിന്റെ പടുകൂറ്റൻ എയർബസ് എ380 വിമാനം ഒരു മഞ്ഞുഗാഡിയായി മാറിയിരിക്കുകയാണ്.
2025-ലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ ഈ ദൃശ്യങ്ങളിൽ, റുഡോൾഫ് റെയിൻഡിയറിനെ ഓർമ്മിപ്പിക്കും വിധം തിളങ്ങുന്ന ചുവന്ന മൂക്കും വലിയ കൊമ്പുകളും വിമാനത്തിൽ ഘടിപ്പിച്ചിരിക്കുന്നത് കാണാം.
ദുബായ് വിമാനത്താവളത്തിൽ നിന്ന് സമ്മാനപ്പൊതികളുമായി വിമാനം ആകാശത്തേക്ക് മറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് തരംഗമായത്.
ഈ ദൃശ്യങ്ങൾ കണ്ട് പലരും സുരക്ഷാ ആശങ്കകൾ പങ്കുവെച്ചെങ്കിലും, പ്രശസ്ത സിജിഐ കലാകാരനായ മുസ്തഫ എൽദിയാസ്റ്റിയുമായി ചേർന്ന് നിർമ്മിച്ച ഒരു ഡിജിറ്റൽ വിസ്മയമാണിതെന്ന് എമിറേറ്റ്സ് വ്യക്തമാക്കി.
ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചല്ല, മറിച്ച് സിജിഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ മാസങ്ങളെടുത്ത പ്രയത്നമാണെന്നും എമിറേറ്റ്സ് വെളിപ്പെടുത്തി.
വീഡിയോയ്ക്ക് പുറമെ യാത്രക്കാർക്കായി വിമാനത്തിനുള്ളിലും വലിയ ആഘോഷങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
ക്രിസ്മസ് പ്രമാണിച്ച് പ്രത്യേക ടർക്കി വിഭവങ്ങൾ, മധുരപലഹാരങ്ങൾ, ലോഞ്ചുകളിലെ ക്രിസ്മസ് അലങ്കാരങ്ങൾ എന്നിവ ഈ മാസത്തിലുടനീളം ലഭ്യമായിരിക്കും.
ഏകദേശം 48 ലക്ഷത്തോളം യാത്രക്കാർ വന്നുപോകുന്ന തിരക്കേറിയ ഈ സീസണിൽ, യാത്രക്കാർക്ക് ഉത്സവകാലത്തിന്റെ അനുഭവം നൽകാനാണ് എമിറേറ്റ്സ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മുൻ വർഷങ്ങളിൽ പുറത്തിറക്കിയ "ക്യാപ്റ്റൻ ക്ലോസ്' ഉൾപ്പെടെയുള്ള വൈറൽ ദൃശ്യങ്ങളുടെ തുടർച്ചയായാണ് ഇത്തവണത്തെ ഈ "സ്ലെയി380' പരീക്ഷണം.