ന്യൂഡൽഹി: മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സൗജന്യ ഓൺലൈൻ കോച്ചിംഗ് പദ്ധതി ഉത്തരവാദിത്വത്തിൽനിന്നുള്ള ഒളിച്ചോട്ട തന്ത്രം മാത്രമാണെന്ന് കോൺഗ്രസ്. ഈ പദ്ധതി നടപ്പാക്കാൻ സർക്കാരിന് ശേഷിയില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് വിമർശിച്ചു.
ജൂൺ 17ന് രാജസ്ഥാനിലെ കോട്ടയിൽ നടന്ന ഛാത്രോം കി ഗൂഞ്ച് പരിപാടിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സ്വകാര്യ കോച്ചിംഗ് സെന്ററുകൾ സാധാരണക്കാരുടെ സാമ്പത്തികശേഷിയെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നും കേന്ദ്രസർക്കാർ വിദ്യാഭ്യാസത്തിന് ചെലവഴിക്കുന്ന തുകയുടെ രണ്ടര ഇരട്ടി തുക ഇന്ത്യൻ കുടുംബങ്ങൾ ഇത്തരം കേന്ദ്രങ്ങൾക്കായി ചെലവഴിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചിരുന്നു.
ജനങ്ങളുടെ പ്രതിഷേധം ഭയന്നാണ് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി സൗജന്യ ഓൺലൈൻ കോച്ചിംഗ് പ്രഖ്യാപിക്കാൻ നിർബന്ധിതനായതെന്നും ജയ്റാം രമേശ് ആരോപിച്ചു.