ന്യൂയോർക്ക്: സമൂഹനന്മയ്ക്കുവേണ്ടി നിസ്വാർഥമായി പ്രവർത്തിക്കുന്നവരും തങ്ങളുടെ പ്രവർത്തന മേഖലകളിൽ പ്രതിഭ തെളിയിച്ചവരുമായ എട്ട് ഇന്ത്യൻ അമേരിക്കൻ മലയാളികളെ കേരള സെന്റർ അവാർഡ് നൽകി ആദരിക്കുന്നതിന് തെരഞ്ഞെടുത്തു.
ഒക്ടോബർ 24ന് വെെകുന്നേരം അഞ്ചിന് കേരള സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന 34-ാമത് വാർഷിക അവാർഡ് ദാന ചടങ്ങിൽ വച്ച് ഇവരെ ആദരിക്കും. അമേരിക്കയിലെയും കേരളത്തിലെയും സാമൂഹ്യ- സാംസ്കാരിക - രാഷ്ട്രീയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
പ്രഗത്ഭരും സമൂഹനന്മയ്ക്കുവേണ്ടി പ്രവർത്തിക്കുന്നവരുമായ അമേരിക്കൻ മലയാളികളെ കേരള സെന്റർ 1992 മുതൽ ആദരിച്ചുവരുന്നു. എല്ലാ വർഷവും അവാർഡ് നോമിനികളെ ക്ഷണിക്കുകയും അവരിൽനിന്ന് ഓരോ കാറ്റഗറിയിലെ ഏറ്റവും യോഗ്യരായവരെ അവാർഡ് സെലക്ഷൻ കമ്മിറ്റി എതിരില്ലാതെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു.
ഈ വർഷം തെരഞ്ഞടുക്കപ്പെട്ടവരും കഴിഞ്ഞ വർഷങ്ങളിലെപ്പോലെ പ്രതിഭാസമ്പന്നർ തന്നെയാണെന്ന് കേരള സെന്റർ ട്രസ്റ്റി ബോർഡ് ചെയർമാനും അവാർഡ് കമ്മിറ്റി മെമ്പറുമായ ഡോ. തോമസ് എബ്രഹാം പറഞ്ഞു.
സ്വന്തം പ്രവർത്തനരംഗത്ത് പ്രതിഭ തെളിയിക്കുകയും മറ്റുള്ളവർക്ക് നന്മ ചെയ്ത് സമൂഹ പുരോഗതിക്ക് സംഭാവന ചെയ്യുകയും ചെയ്യുന്ന അമേരിക്കൻ മലയാളികളെ ആദരിക്കുന്നതിൽ കേരള സെന്ററിന് വളരെ സന്തോഷമുണ്ടെന്നും അവരുടെ മാതൃക മറ്റുള്ളവർക്ക് ഒരു പ്രചോദനം ആണെന്നും ഡയറക്ടർ ബോർഡിന്റെയും അവാർഡ് കമ്മിറ്റിയുടെയും ചെയർമാനായ ഡോ. മധു ഭാസ്കരൻ പറഞ്ഞു.
ഡോ. തോമസ് എബ്രഹാം, ഡോ. മധു ഭാസ്കരൻ എന്നിവർക്കുപുറമെ, വർക്കി ഏബ്രഹാം, ഡെയ്സി പി. സ്റ്റീഫൻ, ഡോ. മേരിലിൻ ജോർജ് എന്നിവരായിരുന്നു മറ്റു അവാർഡ് കമ്മിറ്റി അംഗങ്ങൾ.
ഈ വർഷം ആദരിക്കപ്പെടുന്നവരും അവരുടെ പ്രവർത്തന മേഘലയും
ലെജിസ്ലേറ്റർ ആനന്ത് നമ്പ്യാർ (രാഷ്ട്രീയ നേതൃത്വം & മുഖ്യ പ്രഭാഷകൻ), ഡോ. ജോ വർഗീസ് (വൈദ്യശാസ്ത്രം), ഡോ. ബീന എസ്. പീറ്റേഴ്സ് (നഴ്സിംഗ് നേതൃത്വം), ഡോ. ഗിരീഷ് കുമാർ പണിക്കർ (അപ്ലൈഡ് സയൻസ്), ടി.എസ്. നന്ദകുമാർ (പെർഫോമിംഗ് ആർട്സ്), സിബി ഡേവിഡ് (കമ്യൂണിറ്റി സർവീസ്), പ്രിൻസ് ജോൺസൺ (വിദ്യാഭ്യാസം), ജോസ് ചെരിപുറം (പ്രവാസി മലയാള സാഹിത്യം).
കേരള സെന്ററിന്റെ 2026 ലെ അവാർഡ് ജേതാക്കൾ - മുകളിൽ ഇടത്തുനിന്ന്: ലെജിസ്ലേറ്റർ ആനന്ത് നമ്പ്യാർ, ഡോ. ജോ വർഗീസ്, ഡോ. ബീന എസ്. പീറ്റേഴ്സ്, ഡോ. ഗിരീഷ് കുമാർ പണിക്കർ. താഴെ ഇടത്തുനിന്ന്: ടി. എസ്. നന്ദകുമാർ, സിബി ഡേവിഡ്, പ്രിൻസ് ജോൺസൺ, ജോസ് ചെരിപുറം
കഴിഞ്ഞ 33 വർഷങ്ങളിൽ കേരള സെന്റർ ആദരിച്ച 195 - ഓളം അമേരിക്കൻ മലയാളികൾ കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ ശ്രമിക്കുന്നതിലും സേവനത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകുന്നതിലും വളരെ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് അലക്സ് എസ്തപ്പാൻ തന്റെ പ്രസ്താവനയിൽ പറഞ്ഞു.
അവാർഡ്ദാന ചടങ്ങിനോടനുബന്ധിച്ച് വൈവിധ്യമാർന്ന കലാപരിപാടികളും അത്താഴവിരുന്നും ഉണ്ടായിരിക്കും. ഈ പുരസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ നിങ്ങൾ ഓരോരുത്തരെയും കേരള സെന്ററിലേക്ക് ഹാർദ്ദവമായി ക്ഷണിക്കുന്നു.
നിങ്ങളുടെ സീറ്റ് റീസർവ് ചെയ്യുവാൻ കേരള സെന്ററുമായി ബന്ധപ്പെടുക: email: [email protected]. ഫോൺ 516 358 2000.
കൂടുതൽ വിവരങ്ങൾക്ക്: അലക്സ് കെ. എസ്തപ്പാൻ, പ്രസിഡന്റ് - 516 503 9387, രാജു തോമസ്, സെക്രട്ടറി - 516 434 0669.