ന്യൂഡൽഹി: ഇരുന്പോ ഉരുക്കോ ഇല്ലാതെ 1,800 കോടി രൂപ ചെലവിൽ നിർമിച്ച അയോധ്യയിലെ രാമക്ഷേത്രത്തിനു ആയിരം വർഷത്തെ കാലാവധി. നാലായിരത്തിലധികം തൊഴിലാളികളും കരകൗശല വിദഗ്ധരും രാപകലില്ലാതെ അഞ്ചു വർഷംകൊണ്ടു നിർമിച്ച ക്ഷേത്രത്തിന് കാലാവസ്ഥ, പ്രകൃതിദുരന്തങ്ങൾ, സമയം എന്നിവയെ 1,000 വർഷത്തേക്കെങ്കിലും അതിജീവിക്കാൻ കഴിയുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി.
2020ൽ തുടങ്ങിയ ക്ഷേത്രമിർമാണം പൂർത്തിയാക്കിയതിന്റെ പ്രതീകമായാണു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ചൊവ്വാഴ്ച പതാക ഉയർത്തൽ ചടങ്ങ് നടത്തിയത്.
ലോക്സഭ തെരഞ്ഞെടുപ്പിനുമുന്പായി കഴിഞ്ഞ വർഷം ജനുവരി 22ന് പ്രധാനമന്ത്രി മോദി അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂജയും ഉദ്ഘാടനവും നിർവഹിച്ചിരുന്നു. വിശാല ഓഡിറ്റോറിയവും മൊത്തം ലാൻഡ്സ്കേപ്പിംഗും ചുറ്റുമതിലുകളും ഉൾപ്പെടെയുള്ള ക്ഷേത്രസമുച്ചയത്തിന്റെ നിർമാണം അടുത്ത വർഷം അവസാനത്തോടെയാകും പൂർത്തിയാകുക.
ക്ഷേത്രനിർമാണത്തിനുള്ള പ്രാരംഭ സംഭാവനയായി 3,000 കോടി രൂപ ലഭിച്ചിരുന്നു. ഇതിൽ 1,800 കോടിയാണു ക്ഷേത്രത്തിനായി ചെലവഴിച്ചത്. റൂർക്കിയിലെ കേന്ദ്ര കെട്ടിട നിർമാണ ഗവേഷണ ഇൻസ്റ്റിറ്റ്യട്ട് (സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്- സിഎസ്ഐആർ, സിബിആർഐ), മദ്രാസ്, ഡൽഹി, മുംബൈ, ഗോഹട്ടി ഐഐടികൾ, ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് എന്നിവിടങ്ങളിൽനിന്നുള്ള എൻജിനിയർമാരുടെയും ശാസ്ത്രജ്ഞരുടെയും പിന്തുണയോടെയാണ് ഇരുന്പും ഉരുക്കുമില്ലാതെ ആയിരം വർഷം നിലനിൽക്കുന്ന ക്ഷേത്രം നിർമിച്ചത്.
പ്രധാനമന്ത്രി മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും യുപി കേഡർ ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന നൃപേന്ദ്ര മിശ്രയാണ് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ നിർമാണ സമിതി ചെയർമാൻ. ആകെ 70 ഏക്കറിലാണു രാമക്ഷേത്ര സമുച്ചയം വ്യാപിച്ചുകിടക്കുന്നത്. ഇതിൽ 2.7 ഏക്കറിൽ പ്രധാന ക്ഷേത്രസമുച്ചയം ഉൾപ്പെടെ 20 ഏക്കറാണു നിർമാണങ്ങൾക്കായി ഉപയോഗിച്ചത്. ശേഷിച്ച 50 ഏക്കറിൽ 30 ഏക്കർ ചെറുവനം ഉൾപ്പെടെ ഹരിത മേഖലയാക്കും. നാലു കിലോമീറ്റർ ചുറ്റളവിലാണു ക്ഷേത്രസമുച്ചയത്തിന്റെ മതിൽക്കെട്ട്.