ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകൾ സംബന്ധിച്ചുയർന്നുവന്ന വിവാദങ്ങളിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
രാജ്യത്ത് വലിയ രീതിയിൽ ദൈവഭക്തിയും ദേശഭക്തിയും പ്രസംഗിക്കുന്നവരുടെ യഥാർഥ മുഖമാണ് ഇതിലൂടെ പുറത്തുവന്നതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. അയോധ്യയിൽ നടന്നത് രാജ്യത്തെ ഏറ്റവും വലിയ അമ്പലക്കൊള്ളയാണെന്നും കെ.സി ആരോപിച്ചു.
വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതതല സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ക്ഷേത്രത്തിന്റെ പൂർണ നിയന്ത്രണം കേന്ദ്ര സർക്കാരിനായിരുന്നിട്ടും തട്ടിപ്പ് പുറത്തുവന്നപ്പോൾ പാവപ്പെട്ട താഴേത്തട്ടിലുള്ള ജീവനക്കാരെ മാത്രം പ്രതികളാക്കി യഥാർഥ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.