District News
തടിക്കടവ്: മണാട്ടി വയോജനവേദിയുടെയും ചപ്പാരപ്പടവ് പഞ്ചായത്ത് അയുർവേദ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ആയുർവേദ മെഡിക്കൽ ക്യാമ്പ് ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ധന്യ ജോയ്സൻ അധ്യക്ഷത വഹിച്ചു. തോമസ് ചെറിയാൻ, പ്രസീത, എൽത്സമ്മ പാനപ്പള്ളി എന്നിവർ പ്രസംഗിച്ചു. ഡോ. രാഹുൽ, ഡോ. ദിവ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Health
കർക്കടക മാസത്തിലെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഒരു പ്രധാന വിഭവമാണ് പത്തിലതോരൻ.
ചേരുവകൾ
കോവലിന്റെ തളിരില, മത്തന്റെ തളിരില, തഴുതാമ, മുള്ളൻ ചീര, കാട്ടുതാൾ, കുളത്താൾ, തകര, പയറില, സാമ്പാർ ചീര, കുന്പളത്തിന്റെ ഇല.
കോവലിന്റെ ഇല
ഉദര രോഗങ്ങൾ കുറയ്ക്കാനും ദഹനശക്തി വർധിപ്പിക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും കിഡ്നി സ്റ്റോൺ, അലർജി, അണുബാധ എന്നിവ ഇല്ലാതാക്കാനും ഉപയോഗിക്കാം.
ഇതിൽ വിറ്റാമിൻ എ, സി എന്നിവയും അസ്ഥികൾ, പേശികൾ, എന്നിവയ്ക്ക് അവശ്യമായ കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു.
ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിച്ച് ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കുന്നതിലൂടെ പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യും.
മത്തന്റെ ഇല
മത്തന്റെ ഇലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പ്രതിരോധശേഷി നൽകാനും കാഴ്ചശക്തി മെച്ചപ്പെടുത്താനും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ഗുണപ്രദം. കൂടാതെ ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവയും അടങ്ങിയിട്ടുണ്ട്.
തകരയില
തകരയില ദഹനം മെച്ചപ്പെടുത്തുന്നു. ചർമ രോഗങ്ങൾ, ശ്വസന പ്രശ്നങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് ഗുണപ്രദം.
തഴുതാമ
തഴുതാമയുടെ ഇലയിൽ പൊട്ടാസ്യം നൈട്രേറ്റ് ധാരാളം ഉള്ളതിനാൽ ഇത് ഡൈ യൂററ്റിക്ക് ആയി ഉപയോഗിക്കുന്നു. മലബന്ധം, ഉയർന്ന രക്തസമ്മർദം, ചുമ എന്നിവയ്ക്കും ഗുണപ്രദം.
മുള്ളൻചീര
മുള്ളൻചീരയിൽ 84 ശതമാനത്തിലധികവും വെള്ളമാണ്. കൂടാതെ കാത്സ്യവും ഫോസ്ഫറസും അയണും അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ പ്രതിരോധിക്കാനുള്ള ഔഷധ ഗുണമുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് മുള്ളൻ ചീര.
താളിന്റെ ഇല
താളിന്റെ ഇലകൾക്ക് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. കൂടാതെ, കൊളസ്ട്രോൾ കുറയ്ക്കുകയും രക്തസമ്മർദം നിയന്ത്രിക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
താളിന്റെ ഇലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ സി, പൊട്ടാസ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നു.
സാമ്പാർ ചീര
സാമ്പാർ ചീര, അഥവാ വാട്ടർലീഫ്, ഏറെ പോഷകഗുണങ്ങളുള്ള ഇലവർഗമാണ്. ഇത് രക്തക്കുറവിനും ദഹനപ്രശ്നങ്ങൾക്കും പരിഹാരമാണ്. കൂടാതെ, രോഗപ്രതിരോധശേഷി കൂട്ടാനും കണ്ണിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിനും ഉത്തമം.
വിറ്റാമിൻ എയുടെ ഏറ്റവും മികച്ച സ്രോതസുകളിലൊന്നാണിത്. കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയും ഈ ഇലയിൽ ധാരാളം അടങ്ങിയിരിക്കുന്നു.
കുമ്പളത്തിന്റെ ഇല
കുമ്പളത്തിന്റെ ഇലയിൽ വിറ്റാമിൻ സി, നിയാസിൻ, തയാമിൻ, റൈബോഫ്ളാവിൻ, പ്രോട്ടീൻ, ഗ്ലൈക്കോസൈഡ്സ്, കരോട്ടിൻ, യൂറോനിക് ആസിഡ് എന്നിവ അടങ്ങിയ ഊർജത്തിന്റെ കലവറയാണ് കുമ്പളങ്ങയില.
ബുദ്ധിഭ്രമം, അപസ്മാരം, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, മൂത്രതടസം, ആമാശയ രോഗങ്ങൾ, അർശസ് എന്നിവയ്ക്കു വളരെ ഗുണപ്രദമാണ് കുമ്പളത്തിന്റെ ഇല.
വിവരങ്ങൾക്കു കടപ്പാട്: ഡോ. നിത്യ എ.കെ
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ, കോയൊങ്കര, കാസർഗോഡ്.
Health
ശരീരത്തിന്റെ രോഗപ്രതിരോധശേഷി ഏറ്റവും കുറയുന്ന സമയം കൂടിയാണു കർക്കിടകം. അതുകൊണ്ടുതന്നെ രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ മരണനിരക്ക് കൂടുന്ന കാലഘട്ടം കൂടിയാണിത്.
എന്താണ് ഋതുചര്യ
ആയുർവേദ പ്രകാരം ഓരോ ഋതു അനുസരിച്ച് നമ്മുടെ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളാണ് ഋതുചര്യ എന്നുപറയുന്നത്. വർഷ ഋതുചര്യ എന്നാൽ മഴക്കാലത്ത് ചെയ്യേണ്ട ജീവിതചര്യകളാണ്. കേരളത്തിൽ കർക്കടക മാസത്തിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്.
അതുകൊണ്ടുതന്നെ വർഷ ചികിത്സയ്ക്ക് ഏറ്റവും ഉചിതമായ സമയം കർക്കടക മാസമാണ്.
ആയുർവേദ പ്രകാരം കാലത്തെ രണ്ടായി തരംതിരിക്കാം. ആദാന കാലഘട്ടം എന്നും വിസർഗ കാലഘട്ടമെന്നും. വിസർഗ കാലഘട്ടത്തിലെ ഭാഗമാണ് കർക്കടക മാസം.
സൂര്യന്റെ ദക്ഷിണായന കാലഘട്ടം കൂടിയാണിത്. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയുടെ കോപം(ഈ ദോഷങ്ങളുടെ അസന്തുലിതാവസ്ഥ) ശരീരത്തിൽ വിവിധ രോഗങ്ങൾ ഉണ്ടാക്കുന്നു. രോഗ പ്രതിരോധശേഷിയും അഗ്നിബലവും(ദഹനശേഷി) കുറയുകയും ചെയ്യുന്ന മാസം കൂടിയാണിത്.
ശ്വസന സംബന്ധമായ രോഗങ്ങളും അസ്ഥിസന്ധി രോഗങ്ങൾ,വിവിധ പകർച്ചവ്യാധികളായ മലമ്പനി, കോളറ, ടൈഫോയിഡ്, ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി എന്നിവ പടർന്നു പിടിക്കാനും സാധ്യത കൂടുതലുള്ള മാസമാണിത്.
അതിനാൽ പ്രതിരോധശേഷി കൂട്ടാനും ശരീരബല വർധനയ്ക്കും ആയുർവേദ പ്രകാരം മരുന്നുകഞ്ഞി ഔഷധപ്രയോഗങ്ങൾ,ശോധന ചികിത്സ എന്നിവയിലൂടെ സാധിക്കും.
കർക്കടകചികിത്സ ആർക്കെല്ലാം
ആയുർവേദപ്രകാരം ആരോഗ്യം എന്നു പറയുന്നത് ആരോഗ്യമുള്ളവരുടെ ആരോഗ്യം നിലനിർത്തുക, രോഗമുള്ളവരുടെ രോഗം ചികിത്സിച്ച് ശമനം വരുത്തുക എന്നതാണ്.
അതുപ്രകാരം ഒരു മാസത്തെ കർക്കടക ചികിത്സയിലൂടെ രോഗമില്ലാത്തവർക്കും ഏതെങ്കിലും രീതിയിലുള്ള രോഗം നേരിടുന്നവർക്കും നവോന്മേഷവും രോഗപ്രതിരോധശേഷിയും നേടിയെടുക്കാം.
ചികിത്സയിലൂടെ ശരീരബലം കൂട്ടുന്നതിനും നാഡീഞരമ്പുകളെ പുഷ്ടിപ്പെടുത്തുന്നതിലൂടെ രക്തയോട്ടം വർധിപ്പിക്കുന്നതിനും, ഉന്മേഷം, ആത്മവിശ്വാസം എന്നിവ നേടിയെടുക്കുന്നതിനും സാധിക്കുന്നു.
മരുന്നുകഞ്ഞി ഔഷധപ്രയോഗങ്ങൾ, പഞ്ചകർമ്മ ചികിത്സകൾ തുടങ്ങിയവയെല്ലാം കർക്കടക ചികിത്സയുടെ ഭാഗമായ വ്യത്യസ്ത മുറകളാണ്.
രോഗിയുടെ ശരീരപ്രകൃതി അനുസരിച്ചാണ് ചികിത്സ ഏതെന്നു തീരുമാനിക്കുന്നത്. ഓരോ രോഗിയുടെയും ശരീരപ്രകൃതിക്കും ശരീര ബലത്തിനനുസരിച്ച് വൈദ്യ നിർദേശപ്രകാരം ചികിത്സ തെരഞ്ഞെടുക്കാം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. നിത്യ എ.കെ.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ, കോയൊങ്കര, കാസർഗോഡ്