തിരുവനന്തപുരം: ശബരിമല തീർഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്താൻ പുതിയ യാത്രാസൗകര്യമൊരുക്കി കെഎസ്ആർടിസി. മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം, നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് എസി ബസ് സർവീസുകൾ ആരംഭിക്കും. കെഎസ്ആർടിസി അധികൃതരും വിമാനത്താവള അഥോറിറ്റി പ്രതിനിധികളും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് സർവീസുകൾ ആരംഭിക്കുന്നത്.
തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടന്ന വെറ്റ് ലീസ് ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ മന്ത്രി സി.പി. ജോൺ സർവീസുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി 9.30ന് പമ്പയിലേക്കായിരിക്കും ബസ് പുറപ്പെടുക. പമ്പയിൽ നിന്ന് വൈകുന്നേരം ഏഴിന് തിരികെ പുറപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന രീതിയിലാണ് മടക്ക സർവീസ് ക്രമീകരിക്കുന്നത്.
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി 8.30ന് പമ്പയിലേക്ക് സർവീസ് ആരംഭിക്കും. പമ്പയിൽ നിന്ന് വൈകുന്നേരം ഏഴിന് പുറപ്പെടുന്ന ബസ് തിരികെ വിമാനത്താവളത്തിലെത്തും. വിമാനങ്ങളിലെത്തുന്ന തീർഥാടകർക്ക് വിശ്രമിക്കാനും വിരിവെക്കാനും രണ്ട് വിമാനത്താവളങ്ങളിലും പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. വിവിധ വിമാനങ്ങളിൽ എത്തുന്ന ഭക്തർക്ക് യാത്രയ്ക്കായി കാത്തിരിക്കാനുള്ള സംവിധാനവും ഒരുക്കാനാണ് തീരുമാനം.
കെഎസ്ആർടിസിയുടെ ബുക്കിംഗ് വെബ്സൈറ്റ് വഴിയും വിമാന ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റുകൾ വഴിയും ബസ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന വെബ്സൈറ്റുകളിൽ കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങ്ങിനുള്ള ലിങ്കും ലഭ്യമാക്കും. കൂടാതെ തീർഥാടക സംഘങ്ങൾക്ക് ഗ്രൂപ്പായി ചാർട്ടേഡ് ബസുകൾ ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ടാകും.