ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ എട്ടു നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കു നേട്ടം. കര്‍ണാടകയിലെ രണ്ടു മണ്ഡലങ്ങൾ കോണ്‍ഗ്രസ് പിടിച്ചു. മഹാരാഷ്ട്രയിലെ ബാരാമതിയില്‍ ഉപമുഖ്യമന്ത്രി സുനേത്ര പവാര്‍ 2.18 ലക്ഷം വോട്ടിനു വിജയിച്ചു.
ഇവിടെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിച്ചിരുന്നില്ല. മഹാരാഷ്ട്രയിലെതന്നെ രാഹുരി മണ്ഡലത്തില്‍ ബിജെപിയിലെ അക്ഷയ് ശിവാജി റാവുകാര്ദിലെ 1.12 ലക്ഷം വോട്ടിനു വിജയിച്ചു. ഗുജറാത്തിലെ ഉമ്റേത്, നാഗാലാന്‍ഡിലെ കോറിദാംഗ്, ത്രിപുരയിലെ ധര്‍മനഗര്‍, മണ്ഡലങ്ങളിലും ബിജെപി വിജയിച്ചു.
കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ കോണ്‍ഗ്രസിലെ ഉമേഷ് ഹുല്ലപ്പ മേട്ടി 22,332 വോട്ടിനുവിജയിച്ചു. ദാവനഗെരെ സൗത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ സമര്‍ഥി ഷാമനൂര്‍ മല്ലികാര്‍ജുന വിജയിച്ചു. രണ്ടിടത്തും ബിജെപി സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പരാജയപ്പെടുത്തിയത്.