ന്യൂഡൽഹി: നിലവിലുള്ള 543 ലോക്സഭാ സീറ്റുകളിൽ ഉടൻ വനിതാ സംവരണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി ആസ്ഥാനത്തേക്ക് കോണ്ഗ്രസ് മാർച്ച് നടത്തി. ലോക്സഭാ സീറ്റുകൾ 816 ആയി വർധിപ്പിച്ചു വനിതാ സംവരണം നടത്താനുള്ള സർക്കാർ ശ്രമം പാർലമെന്റിൽ പരാജയപ്പെട്ടതോടെ പ്രതിപക്ഷത്തിനെതിരേ ബിജെപി വ്യാപക പ്രചാരണം നടത്തുന്നതിനിടയിലാണ് സമാനരീതിയിൽ കോണ്ഗ്രസും പ്രതിഷേധവുമായി രംഗത്തെത്തിയത്.
രാഷ്ട്രീയലാഭത്തിനായി മോദിസർക്കാർ സംവരണം വൈകിക്കുകയാണെന്നും മണ്ഡല പുനർനിർണയത്തിന്റെ മറവിൽ സ്ത്രീകളെ വഞ്ചിക്കുകയാണെന്നും കോണ്ഗ്രസ് ആരോപിച്ചു.
പ്രതിഷേധത്തിൽ പങ്കെടുത്ത കോണ്ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വനിതാ സംവരണ നിയമമായ ‘നാരീശക്തി വന്ദൻ അധിനിയം’ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പു മുതൽ നടപ്പിലാക്കണമെന്ന പാർട്ടിയുടെ ആവശ്യം സർക്കാർ അവഗണിച്ചുവെന്ന് കുറ്റപ്പെടുത്തി.
30 മാസത്തോളം നിശബ്ദത പാലിച്ചശേഷം ഏപ്രിൽ 16ന് രാത്രി പെട്ടെന്ന് ബിൽ കൊണ്ടുവന്നത് രാഷ്ട്രീയനാടകമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡല പുനർനിർണയം എന്ന നിബന്ധനയുള്ളതിനാൽ ബിൽ പാസാകില്ലെന്ന് ഉറപ്പായപ്പോഴാണു സർക്കാർ ഇത് അവതരിപ്പിച്ചതെന്നും ഇപ്പോൾ കോണ്ഗ്രസ് വനിതാ സംവരണത്തിന് വിരുദ്ധമാണെന്നു വരുത്തിത്തീർക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കോണ്ഗ്രസ് ഡൽഹി സംസ്ഥാന അധ്യക്ഷൻ ദേവേന്ദർ യാദവ്, മഹിളാ കോണ്ഗ്രസ് ദേശീയ അധ്യക്ഷ അൽക്ക ലാംബ, രാഗിണി നായക് തുടങ്ങിയ നേതാക്കൾ മാർച്ചിൽ പങ്കെടുത്തു. സ്ത്രീകൾക്കു സംവരണം നൽകാൻ സർക്കാരിന് ആത്മാർഥമായ താത്പര്യമുണ്ടെങ്കിൽ പുതിയ സീറ്റുകൾക്കായി കാത്തിരിക്കാതെ നിലവിലുള്ള 543 സീറ്റുകളിൽത്തന്നെ അതു നടപ്പിലാക്കണമെന്ന് ദേവേന്ദർ യാദവ് ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച പ്രവർത്തകർ ബിജെപി ആസ്ഥാനത്തേക്കു കടക്കാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.