തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴയിട്ട കോർപ്പറേഷൻ റവന്യൂ ഓഫീസർ ജി. ഷൈനിയെ സ്ഥലം മാറ്റി. റവന്യൂ ഓഫീസർ പദവിയിൽ നിന്നും കൗൺസിൽ സെക്രട്ടറി തസ്തികയിലേക്കാണ് ഇവരെ മാറ്റിയത്.
ബിജെപി ഭരിക്കുന്ന നഗരസഭ സ്വന്തം പാർട്ടിക്കെതിരെ കടുത്ത നടപടി സ്വീകരിച്ചത് ഭരണസമിതിക്കുള്ളിൽ വലിയ അതൃപ്തിക്ക് കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് മേയർ വി.വി. രാജേഷിന്റെ ഇടപെടലിലൂടെ സ്ഥലം മാറ്റം ഉണ്ടായത്.
ഒരു സർക്കാർ ഉദ്യോഗസ്ഥയെ ജില്ലയ്ക്ക് പുറത്തേക്കോ മറ്റൊരു തദ്ദേശ സ്ഥാപനത്തിലേക്കോ മാറ്റാൻ മേയർക്ക് നേരിട്ട് അധികാരമില്ലെങ്കിലും, കോർപ്പറേഷനുള്ളിലെ ഉദ്യോഗസ്ഥരുടെ ചുമതലകൾ പുനർനിർണ്ണയിക്കാൻ മേയർക്ക് ഭരണപരമായ അധികാരമുണ്ട്.
കേരള മുനിസിപ്പാലിറ്റി നിയമപ്രകാരം, നഗരസഭയുടെ സുഗമമായ പ്രവർത്തനത്തിനായി ഉദ്യോഗസ്ഥരുടെ വകുപ്പുകൾ മാറ്റാനോ അവർക്ക് പുതിയ ചുമതലകൾ നൽകാനോ മേയർക്ക് കോർപ്പറേഷൻ സെക്രട്ടറിയോട് നിർദ്ദേശിക്കാം.
ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തിൽ കൗൺസിലിന് അതൃപ്തിയുണ്ടെങ്കിൽ അവരെ നിലവിലെ ചുമതലയിൽ നിന്ന് നീക്കാൻ മേയർക്ക് ഭരണപരമായ വിവേചനാധികാരം ഉപയോഗിക്കാം. ഈ അധികാരം ഉപയോഗിച്ചാണ് ജി. ഷൈനിയെ റവന്യൂ വിഭാഗത്തിൽ നിന്നും മാറ്റിയത്. ജി. ഷൈനിയെ കൂടാതെ മറ്റ് ചില ഉദ്യോഗസ്ഥർക്കും വകുപ്പ് മാറ്റം നൽകിയിട്ടുണ്ട്.