കൊച്ചി: ഉയര്‍ന്ന പലിശയും ലാഭവിഹിതവും വാഗ്ദാനം ചെയ്തു കോടികളുടെ സാമ്പത്തികതട്ടിപ്പ് നടത്തിയ കേസില്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘമായ ബിഎല്‍എം ഗ്രൂപ്പ് സ്ഥാപകന്‍ ആര്. പ്രേംകുമാറിന്റെയും കുടുംബത്തിന്റെയും 103 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ചു.
എറണാകുളം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, മൂന്നാര്‍, ചെന്നൈ എന്നിവിടങ്ങളിലെ 12 കേന്ദ്രങ്ങളില്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയുടെ തുടര്‍ച്ചയായാണു നടപടി.
9.6 കോടിയുടെ 7.4 കിലോഗ്രാം സ്വര്‍ണം, 80 കോടി രൂപയുടെ ഓഹരിനിക്ഷേപങ്ങള്‍, അഞ്ചു കോടിയുടെ സ്ഥാവരസ്വത്തുക്കള്‍, 1.86 കോടി രൂപയുടെ ബാങ്ക് നിക്ഷേപം, റോള്‍സ് റോയ്സ്, പോര്‍ഷെ, ടൊയോട്ട വെല്‍ഫയര്‍, മെഴ്സിഡസ് ഉള്‍പ്പടെ ഏഴു കോടി വിലമതിക്കുന്ന എട്ട് ആഡംബര കാറുകള്‍ എന്നിവയാണ് ഇഡി കണ്ടുകെട്ടിയത്.
പണത്തിന്റെ ഉറവിടം ഒളിപ്പിക്കാന്‍ ആര്. പ്രേംകുമാറും കൂട്ടാളികളും 320ഓളം ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് കോടികളുടെ ഇടപാടുകള്‍ നടത്തിയത്. സ്ഥാപനത്തിന്റെ ഭരണം ഇപ്പോഴും ആര്. പ്രേംകുമാര്‍ തന്നെയാണു നിയന്ത്രിക്കുന്നതെന്ന് വ്യക്തമാക്കുന്ന രേഖകളും ഇഡി പിടിച്ചെടുത്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബിഎല്‍എം ചെയര്മാന് ആര്. പ്രേംകുമാറിനെ നേരത്തേ കോഴിക്കോട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചു. കാലാവധി കഴിഞ്ഞിട്ടും നിക്ഷേപത്തുകയോ ലാഭവിഹിതമോ തിരികെ നല്‍കാതെ ആയിരക്കണക്കിനു നിക്ഷേപകരെ വഞ്ചിച്ചെന്നാണു കേസ്. ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കിയശേഷമാണു കഴിഞ്ഞദിവസം ഇഡി പരിശോധന നടത്തിയത്.