മുംബൈയിലെ പ്രമുഖ കിംഗ് എഡ്വേർഡ് മെമ്മോറിയൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രോഗികളും ജീവനക്കാരും നേരിട്ട ദുരിതങ്ങൾ വലിയ ചർച്ചയാകുന്നു. ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗത്തിലെ ലിഫ്റ്റ് ഒരാഴ്ചയിലേറെയായി പ്രവർത്തനരഹിതമായി കിടക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
കാലിന് ഒടിവും പ്ലാസ്റ്ററുമായി എത്തിയ രോഗികളും, വീൽചെയറിലിരുന്ന വയോധികയും പടികൾ കയറാൻ പ്രയാസപ്പെടുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
സാമൂഹിക പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ഈ വിഷയത്തിൽ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. രോഗികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയേറിയതോടെ, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അഡീഷണൽ കമ്മീഷണർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സമിതി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. 39 വർഷം പഴക്കമുള്ള ലിഫ്റ്റ് മാറ്റിസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും, ചികിത്സാ തടസങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടയാണ് കാലതാമസമുണ്ടായതെന്നും അധികൃതർ വിശദീകരിച്ചു.
സ്വന്തമായി നടക്കാൻ കഴിയാത്ത രോഗികളെ ഈ കെട്ടിടത്തിൽ പ്രവേശിപ്പിക്കരുതെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടിരുന്നില്ല. വിവാദമായതിനെ തുടർന്ന് ബന്ധപ്പെട്ട രോഗിയെ ആശുപത്രിയിലെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റുകയും, ഭാവിയിൽ ഇത്തരം ദുരിതങ്ങൾ ഒഴിവാക്കാൻ പുതിയ മാർഗനിർദ്ദേശങ്ങൾ കൊണ്ടുവരാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ മുംബൈ മേയർ നേരിട്ട് ഇടപെടുകയും ആശുപത്രി അധികൃതരോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.