നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാല്‍) പുത്തന്‍ സേവനങ്ങള്‍ക്ക് തുടക്കമായി. സിയാല്‍ എയ്സസ് (ഏവിയേഷന്‍ കണ്‍സൾട്ടന്‍സി ആന്‍ഡ് എക്സ്പേര്‍ട്ട് സര്‍വീസസ്), പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി എത്തിക്കുന്ന ബ്രിഡ്ജ് മൗണ്ടഡ് എക്യൂപ്മെന്റ്സ് സര്‍വീസ് (ബിഎംഇ) എന്നീ പദ്ധതികള്‍ മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു.
സിയാലിന്റെ 32-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരിയുടമകളെ അഭിസംബോധന ചെയ്യവെയാണ് പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്. സിയാലിന്റെ അനുഭവസമ്പത്ത് പുതിയ മേഖലകളിലേക്ക് പകര്‍ന്നുനല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിമാനത്താവളത്തെ മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക് ഹബ്ബായി വികസിപ്പിക്കുക, വിമാനത്താവളവുമായി അനുബന്ധപ്പെടുത്തി ഗ്ലോബല്‍ കണ്വന്ഷന് സെന്റര്‍ നിര്‍മിക്കുക, വരുമാനസാധ്യതകള്‍ വിപുലീകരിക്കുക, നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മികച്ച യാത്രാനുഭവം നല്‍കുക എന്നീ പദ്ധതികള്‍ക്കും തുടക്കമിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സൗജന്യ സേവനം നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓഹരിയുടമകള്‍ക്ക് 55 ശതമാനം ലാഭവിഹിതം നല്‍കുന്നതിനുള്ള ഡയറക്ടര്‍ ബോര്‍ഡിന്റെ ശിപാര്‍ശയ്ക്ക് പൊതുയോഗം അംഗീകാരം നല്കി.
വിമാനത്താവള നിര്‍മാണ ആസൂത്രണം, റണ്‍വേ വികസനം, കാര്‍ഗോ, ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്, കൊമേഴ്സ്യല്‍ എന്നീ മേഖലകളില്‍ സിയാല്‍ കണ്‍സള്‍ട്ടന്‍സി സേവനം നല്‍കും. ഇതിനാണ് സിയാല്‍ ഏയ്സസ് എന്ന വിഭാഗത്തിന് രൂപംനല്കിയിട്ടുള്ളത്. പശ്ചിമ ബംഗാളിലെ ദുര്‍ഗാപുര്‍ വിമാനത്താവളത്തിലെ പാസഞ്ചര്‍ വെരിഫിക്കേഷന് സംവിധാനം ആദ്യപദ്ധതിയായി നടപ്പിലാക്കും.
2025-26 സാമ്പത്തികവര്‍ഷത്തില്‍ 1,220 കോടി രൂപയുടെ മൊത്തം വരുമാനവും 502 കോടി രൂപയുടെ ലാഭവുമാണ് സിയാല്‍ നേടിയത്. 73,134 വിമാന സര്‍വീസുകളും 1.14 കോടി യാത്രക്കാരും സിയാല്‍ കൈകാര്യം ചെയ്തു.
സിയാല്‍ ഡയറക്ടർകൂടിയായ മന്ത്രി റോജി എം. ജോണ്‍, സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ്, കമ്പനി സെക്രട്ടറി കെ. രാജീവ്, സിഎഫ്ഒ സജി ഡാനിയേല്‍ എന്നിവരും പങ്കെടുത്തു.