International
ധാക്ക: ബംഗ്ലാദേശ് ഇന്നു പോളിംഗ് ബൂത്തിലേക്ക്. മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന അധികാരഭ്രഷ്ടയായശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ആകെ വോട്ടർമാരുടെ എണ്ണം 12.7 കോടിയാണ്. സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നു ബംഗ്ലാദേശ് സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസ് പ്രഖ്യാപിച്ചിട്ടുണ്ട്.
യൂറോപ്യൻ യൂണിയൻ, കോമൺവെൽത്ത് എന്നിവിടങ്ങളിൽനിന്നുള്ള അഞ്ഞൂറോളം വിദേശ നിരീക്ഷകർ ബംഗ്ലദേശിലെത്തിയിട്ടുണ്ട്. പകുതിയോളം ബൂത്തുകളും പ്രശ്നസാധ്യതാ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കാൻ ഒന്പതു ലക്ഷം സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്. രാവിലെ 7.30 മുതൽ വൈകുന്നേരം 4.30 വരെയാണ് വോട്ടെടുപ്പ്.
ജൂലൈ നാഷണൽ ചാർട്ടറുമായി ബന്ധപ്പെട്ട വിധിയെഴുത്തും ഇന്നു നടക്കും. ബംഗ്ലാദേശിന്റെ ജുഡീഷറി, ഭരണ, തെരഞ്ഞെടുപ്പ് മേഖലയിലുള്ള ഭരണഘടനാ പരിഷ്കരണ രേഖയാണ് ജൂലൈ നാഷണൽ ചാർട്ടർ. പ്രധാനമന്ത്രിയുടെ കാലാവധി 10 വർഷത്തേക്ക് പരിമിതപ്പെടുത്തുക, 100 അംഗങ്ങളുള്ള ഉപരിസഭയുള്ള ഒരു ദ്വിസഭ പാർലമെന്റ് രൂപവത്കരിക്കുക, തെരഞ്ഞെടുപ്പ് കമ്മീഷനെ ശക്തീകരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ജൂലൈ നാഷണൽ ചാർട്ടറിലുള്ളത്.
350 അംഗങ്ങൾ ഉൾപ്പെടുന്നതാണ് ബംഗ്ലാദേശ് പാർലമെന്റ്. ഇവരിൽ 300 പേരെ നേരിട്ട് തെരഞ്ഞെടുക്കും. 50 സീറ്റ് വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നു. ഇന്ന് 299 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടക്കുക. സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന് ഷേർപുർ-3ലെ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു. അഞ്ചു വർഷമാണു പാർലമെന്റിന്റെ കാലാവധി.
ഷേഖ് ഹസീനയും ഖാലിദ സിയയും നയിക്കുന്ന പാർട്ടികളായിരുന്നു മൂന്നു ദശകമായി ബംഗ്ലാദേശ് രാഷ്ട്രീയം നിയന്ത്രിച്ചിരുന്നത്. പ്രക്ഷോഭത്തെത്തുടർന്ന് അധികാരം നഷ്ടമായ ഷേഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. ഖാലിദ സിയ ഡിസംബറിൽ അന്തരിച്ചു. ഷേഖ് ഹസീനയുടെ അവാമി ലീഗിനെ നിരോധിച്ച സാഹചര്യത്തിൽ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) അധികാരത്തിലെത്താനാണു സാധ്യത.
ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ ആണ് ബിഎൻപിയെ നയിക്കുന്നത്. 17 വർഷം വിദേശത്തായിരുന്ന താരിഖ് റഹ്മാൻ ഡിസംബറിലാണ് ബംഗ്ലാദേശിൽ തിരിച്ചെത്തിയത്. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള 11 പാർട്ടി സഖ്യം ബിഎൻപിക്കു ശക്തമായ വെല്ലുവിളി ഉയർത്തുന്നു. ഷേഖ് ഹസീന സർക്കാർ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചിരുന്നു.
2024ലെ പ്രക്ഷോഭത്തിനു നേതൃത്വം നല്കിയവർ രൂപവത്കരിച്ച നാഷണൽ സിറ്റിസൺ പാർട്ടി, ലിബറൽ ഡെമോക്രാറ്റിക് പാർട്ടി, ബംഗ്ലാദേശ് ലേബർ പാർട്ടി എന്നിവ ജമാഅത്തെ ഇസ്ലാമിയുടെ സഖ്യത്തിലുണ്ട്. 50 രാഷ്ട്രീയ പാർട്ടികളിലെ 1755 സ്ഥാനാർഥികളും 273 സ്വതന്ത്രരുമാണു മത്സരരംഗത്തുള്ളത്. ബിഎൻപിയാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത് -291. ആകെ സ്ഥാനാർഥികളിൽ വനിതകൾ 83 പേരാണ്.
90 ശതമാനം മുസ്ലിംകളുള്ള ബംഗ്ലാദേശിൽ എട്ടു ശതമാനത്തോളം ഹൈന്ദവരുണ്ട്. ക്രിസ്ത്യൻ, ബുദ്ധ വിഭാഗങ്ങളും രാജ്യത്തുണ്ട്. ഷേഖ് ഹസീന പുറത്താക്കപ്പെട്ടശേഷം ന്യൂനപക്ഷങ്ങൾക്കു നേർക്ക് നിരന്തരം ആക്രമണമുണ്ടാകുന്നു. കഴിഞ്ഞ ദിവസം ഹിന്ദു ബിസിനസുകാരനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
International
ധാക്ക: യുഎസിലെ മുസ്ലിം ഭൂരിപക്ഷ നഗരമായ മിഷിഗണിലെ ഹാംട്രാമിക് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയോടുള്ള ആദരസൂചകമായി തങ്ങളുടെ ഒരു റോഡിനു ‘ഖാലിദ സിയ സ്ട്രീറ്റ്’ എന്ന് പുനർനാമകരണം ചെയ്തു.
കാർപെന്റർ സ്ട്രീറ്റ് എന്നറിയപ്പെട്ടിരുന്ന റോഡിന്റെ പേരാണ് മാറ്റിയത്. 28,433 പേർ അധിവസിക്കുന്ന ഹാംട്രാമിക്കിൽ 70 ശതമാനത്തോളം മുസ്ലിം സമൂഹത്തിൽ നിന്നുള്ളവരാണ്. മിഷിഗണിൽ ഏറ്റവും കൂടുതൽ ബംഗ്ലാദേശ് കുടിയേറ്റക്കാരുള്ള നഗരമാണിത്.
ഖാലിദ സിയയുടെ നേതൃത്വത്തിനും രാജ്യത്തിന് അവർ നൽകിയ സംഭാവനകൾക്കുമുള്ള രാജ്യാന്തര അംഗീകാരമാണ് റോഡിനു നൽകിയ പേരെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) പ്രതികരിച്ചു.
ഹാംട്രാമിക് സിറ്റി കൗൺസിലിലെ ബംഗ്ലാദേശ് വംശജരായ നാല് കൗൺസിലർമാരുടെ ശ്രമഫലമായാണ് ഇത് സാധ്യമായത്. ഇതിനുമുൻപു ചിക്കാഗോയിലെ ഒരു റോഡിനു ബംഗ്ലാദേശ് മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെ പേര് നൽകിയിരുന്നു. ദീർഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ ഡിസംബർ 30നാണ് അന്തരിച്ചത്.
International
ധാക്ക: പ്രവാസത്തിനുശേഷം തിരിച്ചെത്തിയ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) നേതാവ് താരിഖ് റഹ്മാൻ ബംഗ്ലാദേശ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി.
മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനായ താരിഖ് റഹ്മാൻ ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചു. ഫെബ്രുവരി 17നാണ് തെരഞ്ഞെടുപ്പ്.
ധാക്ക-17 മണ്ഡലത്തിൽനിന്നാണ് താരിഖ് റഹ്മാൻ മത്സരിക്കുക. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ പ്രധാനമന്ത്രിയാകുമെന്നാണ് കരുതുന്നത്.
International
ധാക്ക: ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ആക്ടിംഗ് ചെയർമാനും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്മാൻ 17 വർഷത്തെ ലണ്ടൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ മടങ്ങിയെത്തി. ഫെബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിഎൻപിയെ നയിക്കുന്ന അദ്ദേഹം അടുത്ത പ്രധാനമന്ത്രിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
ക്രിസ്മസ് ദിനത്തിൽ ധാക്കയിൽ വിമാനമിറങ്ങിയ താരിഖിനെ സ്വാഗതം ചെയ്യാനായി പതിനായിരങ്ങളാണു കാത്തുനിന്നത്. മുതിർന്ന ബിഎൻപി നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. ബംഗ്ലാ മണ്ണിൽ കാലുകുത്തുന്നതിനു മുന്പായി താരിഖ് ഷൂസുകൾ ഊരിമാറ്റി.
“പ്രിയ ബംഗ്ലാദേശ്” എന്നു പറഞ്ഞുകൊണ്ടാണ്, വിമാനത്താവളത്തിലെ സ്വീകരണ വേദിയിൽ അദ്ദേഹം പ്രസംഗം തുടങ്ങിയത്. ജനാധിപത്യത്തിലൂന്നിയ സാന്പത്തിക ശക്തിയായ ബംഗ്ലാദേശാണ് താൻ സ്വപ്നം കാണുന്നതെന്നും സമാധാനമാണ് ബംഗ്ലാദേശിനു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സമഗ്ര ബംഗ്ലാദേശ് പടുത്തുയർത്താനായി മുസ്ലിം, ഹിന്ദു, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങൾ തനിക്കൊപ്പം നിൽക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. വിമാനത്താവളത്തിൽനിന്നു ധാക്കയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന അമ്മ ഖാലിദയെ കാണാനാണ് താരിഖ് പോയത്.
മൂന്നുവട്ടം പ്രധാനമന്ത്രിയായ ഖാലിദയുടെയും മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മകനായ താരിഖ്, ഷേഖ് ഹസീന ഭരണകൂടത്തിന്റെ രാഷ്ട്രീയ വേട്ടയാടലിൽനിന്നു രക്ഷപ്പെടാനായി 2008 മുതൽ കുടുംബത്തിനൊപ്പം ലണ്ടനിൽ പ്രവാസജീവിതം നയിക്കുകയായിരുന്നു.
ഫെബ്രുവരിയിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഷേഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിക്കു മത്സരിക്കാൻ അനുമതിയില്ല. അതിനാൽ ബിഎൻപിക്ക് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചേക്കും.
International
ധാക്ക: മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ, 17 വർഷമായി പ്രവാസത്തിൽ കഴിയുന്ന മൂത്ത മകൻ താരിഖ് റഹ്മാൻ ബംഗ്ലാദേശിൽ മടങ്ങിയെത്തുന്നു.
ക്രിസ്മസ് ദിനത്തിൽ അദ്ദേഹം രാജ്യത്തു കാലുകുത്തുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരിയിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് (ബിഎൻപി) അദ്ദേഹം നേരിട്ടു നേതൃത്വം നല്കും. താരിഖ് ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്നാണ് പ്രവചനം.
മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മൂന്നുവട്ടം പ്രധാനമന്ത്രിയായ ഖാലിദ സിയയുടെയും മകനായ താരിഖിന് ‘കീരിടാവകാശി’ എന്നു വിളിപ്പേരുണ്ട്. താരിഖ് 2000ൽ ബിഎൻപി നേതൃനിരയിലെത്തിയതാണ്. ഷേഖ് ഹസീന ഭരണകൂടത്തിന്റെ കാലത്ത് അദ്ദേഹത്തിന് 18 മാസം തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു.
2008ൽ ജയിൽമോചിതനായപ്പോൾ കുടുംബത്തൊടൊപ്പം ലണ്ടനിലേക്കു കുടിയേറിയതാണ്. അമ്മ ഖാലിദ സിയയെ ഹസീന ഭരണകൂടം ജയിലിൽ അടച്ചപ്പോൾ താരിഖ് ലണ്ടനിലിരുന്ന് ബിഎൻപിയെ നയിച്ചു. ഖാലിദ സിയയ്ക്കു രോഗം മൂർച്ഛിച്ചപ്പോൾ താറിഖ് ബംഗ്ലാദേശിൽ മടങ്ങിയെത്തുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ, പലവിധ കാരണങ്ങളാൽ മടക്കം നീണ്ടു.
വിദ്യാർഥിപ്രക്ഷോഭത്തിൽ ഇന്ത്യയിലേക്കു പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിക്ക് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതിയില്ല. അതിനാൽ ബിഎൻപിക്കു വൻ വിജയമാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്ന താരിഖ് റഹ്മാൻ, ഇന്ത്യയോ പാക്കിസ്ഥാനോ അല്ല ‘ബംഗ്ലാദേശാണ് ആദ്യം’ എന്ന ചിന്താഗതിക്കാരനാണ്.
International
ധാക്ക: ചികിത്സയിൽ കഴിയുന്ന മുൻ ബംഗ്ലാ പ്രധാനമന്ത്രി ഖാലിദ സിയയുടെ ആരോഗ്യനില അതീവ ഗുരുതരമായെന്നും ശ്വസനത്തിനു വെന്റിലേറ്റർ സഹായം നല്കുന്നതായും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാക്കൾ അറിയിച്ചു.
ബംഗ്ലാദേശിലെ ഡോക്ടർമാർക്കു പുറമേ വിദേശ വിദഗ്ധരും ചികിത്സയിൽ സഹായിക്കുന്നുണ്ട്. ഖാലിദയ്ക്കായി രാജ്യം പ്രാർഥിക്കണമെന്ന് ബിഎൻപി വൈസ് ചെയർമാൻ അഹമ്മദ് ആസം ഖാൻ അഭ്യർഥിച്ചു.
നെഞ്ചിൽ അണുബാധയുണ്ടായ ഖാലിദയെ കഴിഞ്ഞമാസം 23നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആരോഗ്യനില വഷളാവുകയായിരുന്നു. കരൾ, വൃക്ക സംബന്ധമായ അസുഖങ്ങളും പ്രമേഹവും ഖാലിദയ്ക്കുണ്ട്.