കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരിനെച്ചൊല്ലി ഉയർന്നുവന്ന വിവാദങ്ങളിൽ അദ്ദേഹത്തിന് ശക്തമായ പ്രതിരോധവുമായി കോൺഗ്രസ് നേതാവ് ബിആർഎം ഷഫീർ. 'വടശേരി ദാമോദര മേനോൻ' എന്നാണ് വി.ഡി. സതീശന്റെ പേരിന്റെ പൂർണരൂപമെന്നും, എസ്എസ്എൽസി സർട്ടിഫിക്കറ്റിലും തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തിലും ഈ പേരുതന്നെയാണുള്ളതെന്നും ബിആർഎം ഷഫീർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
തന്റെ പിതാവിന്റെ പേര് ഉറക്കെ പറയുന്നതിൽ മറ്റ് അർത്ഥങ്ങൾ കാണേണ്ടതില്ലെന്ന് വ്യക്തമാക്കിയ ഷഫീർ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഇ.കെ. നായനാർ എന്നിവ ജാതിപ്പേരുകളാണെന്ന കാര്യം സഖാക്കൾ ഓർക്കണമെന്നും രാഷ്ട്രീയ എതിരാളികളെ ഓർമ്മിപ്പിച്ചു. നേരത്തെ പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെച്ചൊല്ലി ഉയർന്ന വിവാദങ്ങളിലും വി.ഡി. സതീശനെ പിന്തുണച്ച് ബി.ആർ.എം. ഷഫീർ രംഗത്തെത്തിയിരുന്നു.