അഗർത്തല: ത്രിപുരയിലെ സിപാഹിജാല ജില്ലയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്ത വ്യക്തിയെ മോചിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പ്രദേശവാസികളുടെ ആക്രമണത്തിൽ അസിസ്റ്റന്റ് കമൻഡാന്റ് ഉൾപ്പടെ മൂന്നു ബിഎസ്എഫ് ജവാൻമാർക്ക് പരിക്ക്. സംഭവത്തിൽ മൂന്നു സ്ത്രീകളുൾപ്പടെ ഒമ്പതു പേരെ പൊലിസ് അറസ്റ്റുചെയ്തു.
കലംചൗര പൊലിസ് സ്റ്റേഷൻ പരിധിയിലെ ആശാബാരി ബോർഡർ ഔട്ട്പോസ്റ്റിന് സമീപം തിങ്കളാഴ്ചയാണ് സംഭവം.
അനധികൃത കടത്തുമായി ബന്ധപ്പെട്ട് ഒരാളെ തിങ്കളാഴ്ച ബിഎസ്എഫ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പ്രകോപിതരായ ഒരുസംഘം പ്രദേശവാസികൾ ബിഎസ്എഫ് ജവാന്മാരെ ആക്രമിക്കുകയായിരുന്നെന്ന് സിപാഹിജാസ പൊലിസ് സൂപ്രണ്ട് വിജയ് ദേബ്ബർമ്മ പറഞ്ഞു.
ആക്രമണകാരികൾ ബിഎസ്എഫിന്റെ വാഹനം അടിച്ചുതകർക്കുകയും ആയുധങ്ങൾ പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ആക്രമണസംഘത്തിലുണ്ടായിരുന്ന മറ്റ് പത്ത് പേരേക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.