ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് വധഭീഷണി. എൻസിപി നേതാവാ് ബാബി സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സീഷൻ അഖ്തറുടെ പേരിലാണു ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.
ബാബാ സിദ്ദിഖിനുണ്ടായ അതേ വിധിയാണ് നേരിടാൻ പോകുന്നതെന്നായിരുന്നായിരുന്നു നടന്റെ ഫോണിലേക്ക് ശബ്ദ സന്ദേശമെത്തിയത്. തുഷാർ കപൂർ, ആയുഷ്മാൻ ഖുറാന എന്നിവർക്കെതിരേയും സമാന ഭീഷണി ഉയർന്നിരുന്നു.
മുൻ മഹാരാഷ്ട്ര മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതി സീഷൻ അക്തറാണോ ഇതിന് പിന്നിലെന്നും, അതോ മറ്റാരെങ്കിലും ശബ്ദം അനുകരിച്ച് വ്യാജമായി നിർമിച്ചതാണോ എന്നുമാണ് പൊലിസ് പ്രധാനമായും പരിശോധിക്കുന്നത്.
ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രോഹിത് ഗോദാര സംഘത്തിന്റെ പേരിലാണ് ഭീഷണി സന്ദേശം പ്രചരിക്കുന്നത്. താൻ സീഷൻ അക്തറാണെന്ന് അവകാശപ്പെട്ടാണ് സന്ദേശത്തിലെ സംസാരം. സെയ്ഫ് അലി ഖാന്റെ ഭാര്യയും നടിയുമായ കരീന കപൂറുമായി ബന്ധപ്പെട്ട സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടനു നേരെ ഭീഷണി ഉയർന്നിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.
ശബ്ദസന്ദേശം സീഷൻ അക്തർ തന്നെയാണോ അയച്ചതെന്ന് പരിശോധിച്ചുവരികയാണെന്ന് മുതിർന്ന പൊലിസ് വൃത്തങ്ങൾ പറയുന്നു. ഫോറൻസിക്, സൈബർ ക്രൈം വിഭാഗങ്ങൾ ശബ്ദത്തിന്റെ ആധികാരികത ശാസ്ത്രീയമായി പരിശോധിക്കുന്നുണ്ട്.
സീഷൻ അക്തറിന്റെ മുൻകാല ശബ്ദസാംപിളുകളുമായി ഇത് ഒത്തുനോക്കുന്നുണ്ട്. 2024 ഒക്ടോബറിൽ ബാന്ദ്രയിൽ ബാബ സിദ്ദിഖി വെടിയേറ്റു മരിച്ചതിനു പിന്നാലെ ഒളിവിൽ പോയതാണ് സീഷൻ അക്തർ. ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ളയാളായാണ് ഇയാളെ ആദ്യം തിരിച്ചറിഞ്ഞിരുന്നത്.
എന്നാൽ പിന്നീട് വിദേശത്തേക്ക് കടന്നതായും രോഹിത് ഗോദാര സംഘത്തിനൊപ്പം ചേർന്നതായും അവകാശപ്പെട്ട് ഇയാൾ സമൂഹമാധ്യമങ്ങളിൽ വിഡിയോകൾ പങ്കുവച്ചിരുന്നു.