കൊച്ചി: പരീക്ഷാ അട്ടിമറിയുടെ പേരിൽ പബ്ലിക് സർവീസ് കമ്മീഷൻ എസ്ഐടിയുടെ അന്വേഷണം നേരിടുന്പോൾ, സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്കായി രൂപവത്കരിച്ച കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് (കെപിഇഎസ്ആർബി) വഴിയും നിയമനങ്ങൾ തുടരുന്നു.
പിഎസ്സിക്കു പുറത്ത് സ്വന്തക്കാരെയും ബന്ധുക്കളെയും സർക്കാർ ജോലിയിൽ തിരുകിക്കയറ്റാനുള്ള സംവിധാനമെന്നായിരുന്നു പ്രതിപക്ഷത്തായിരുന്നപ്പോൾ കെപിഇഎസ്ആർബിയെക്കുറിച്ചുള്ള യുഡിഎഫ് നിലപാട്.
1,176 നിയമന ശിപാർശകളാണ് കെപിഇഎസ്ആർബി വഴി കഴിഞ്ഞ മാസം വരെ നൽകിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു. വ്യവസായ വകുപ്പിന്റെ ഭരണനിയന്ത്രണത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങളിൽ പിഎസ്സി വഴിയല്ലാത്ത വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങളാണ് ബോർഡ് നടത്തുന്നത്. ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യപ്പെടുന്പോൾ മറ്റു പൊതുമേഖലാസ്ഥാപനങ്ങളിലെ നിയമനത്തിനുള്ള സെലക്ഷൻ ലിസ്റ്റും ബോർഡ് തയാറാക്കുന്നുണ്ട്.
2023ലാണ് സംസ്ഥാന സർക്കാർ കെപിഇഎസ്ആർബി രൂപീകരിച്ചത്. അന്നു പ്രതിപക്ഷത്തായിരുന്ന യുഡിഎഫ് ഇതിനെ ശക്തമായി എതിർത്തെങ്കിലും നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാനാണു ബോർഡ് രൂപീകരിച്ചതെന്നായിരുന്നു വ്യവസായ മന്ത്രിയായിരുന്ന പി. രാജീവിന്റെ വാദം.നേരത്തേ എതിർത്ത യുഡിഎഫ് അധികാരത്തിലെത്തിയപ്പോഴും കെപിഇഎസ്ആർബി അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്.
പിഎസ്സി അംഗങ്ങൾക്കു ശന്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ സർക്കാർ കോടികൾ ചെലവഴിക്കുന്നത് ചർച്ചയാകുന്പോൾ കെപിഇഎസ്ആർബി വഴിയും ഖജനാവിൽനിന്ന് പണമൊഴുക്കുന്നതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ശമ്പളം ഇനത്തിൽ പ്രതിമാസ ചെലവ് 19,16,434 രൂപ
കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡിലെ നാല് ബോർഡ് മെംബർമാർക്കും 12 ജീവനക്കാർക്കുമായി സർക്കാർ പ്രതിമാസം ചെലവാക്കുന്നത് 19,16,434 രൂപയാണെന്ന് വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ വ്യക്തമാക്കുന്നു. ചെയർമാന്റെ ശന്പളം 3.60 ലക്ഷമാണ്. ബോർഡ് അംഗങ്ങൾക്കു 1.20 ലക്ഷം മുതൽ 1.97 ലക്ഷം വരെയാണു ശന്പളം.