സിഡ്നി: 2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഓസ്ട്രേലിയന്‍ ടീം സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്ത് ചുരണ്ടിയതുമായി ബന്ധപ്പെട്ട് മുന്‍ താരം ഉസ്മാന് ഖ്വാജ ആത്മകഥയില്‍ നടത്തിയ വെളിപ്പെടുത്തല്‍ 100 ശതമാനം ശരിയാണെന്നു ഡേവിഡ് വാര്‍ണര്‍.
നേപ്പാള്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ഓസീസ് മുന്‍ താരമായ വാര്‍ണര്‍, സോഷ്യല്‍ മീഡിയയിലൂടെയാണ് ഖ്വാജയുടെ വെളിപ്പെടുത്തലിനെ ശരിവച്ചത്. ടീം ഒന്നടങ്കം അറിഞ്ഞുകൊണ്ടായിരുന്നു അന്നു സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്ത് ചുരണ്ടിയതെന്നായിരുന്നു ഉസ്മാന് ഖ്വാജയുടെ വെളിപ്പെടുത്തല്‍.
“ഈ വിഷയത്തെക്കുറിച്ച് ഞാന്‍ സംസാരിച്ചിട്ട് എട്ടു വര്‍ഷമായി. ഉസീ (ഉസ്മാന് ഖ്വാജ), ഞാന്‍ പൂര്‍ണമായും നിനക്കു പിന്തുണ പ്രഖ്യാപിക്കുന്നു. നീ ചെയ്ത കാര്യങ്ങള്‍ക്കു ഞാന്‍ നന്ദി പറയുന്നു. നീ പറഞ്ഞതെല്ലാം 100 ശതമാനവും ശരിയാണ്. ഇപ്പോള്‍ എല്ലാവര്ക്കും സത്യം അറിയാം. ആളുകള്‍ക്ക് ഈ സത്യം അറിയണമെന്നുണ്ടായിരുന്നു. നീ മുന്നോട്ടു വന്ന് അതു തുറന്നുപറഞ്ഞു. എന്നാല്‍, ഇപ്പോള്‍ ചിലര്‍ ചോദിക്കുന്നു.
എട്ടു വര്‍ഷത്തിനുശേഷം എന്തിനാണു പുസ്തകം വില്‍ക്കാനായി ഇതെല്ലാം പറയുന്നതെന്ന്. ഇത് ഉസ്മാന്റെ കഥയാണ്. ഉസ്മാന് വിശ്വസിക്കുന്ന കാര്യങ്ങളാണ് ഇതില്‍ പറയുന്നത്. അന്നത്തെ ദിവസം മുതല്‍ സംഭവിച്ച ഓരോ കാര്യവും ഉസി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
അന്വേഷണം തിടുക്കത്തിലും വീഴ്ചകളോടെയുമാണ് നടന്നത്. ഉസി ഡ്രസിംഗ് റൂമില്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന്റെ അരികിലിരുന്നിട്ടും ഉസിയെ ചോദ്യം ചെയ്തില്ല. ഇതെങ്ങനെയാണ് സമഗ്രമായ അന്വേഷണം ആകുന്നത്? ഉസി, നിനക്കു നന്ദി''- ഡേവിഡ് വാര്‍ണര്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി.
സ്റ്റീവന്‍ സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരായിരുന്നു സാന്‍ഡ് പേപ്പര്‍ വിവാദത്തില്‍ ശിക്ഷിക്കപ്പെട്ടത്. സ്മിത്തിനും വാര്‍ണറിനും ഒരു വര്‍ഷവും ബാന്‍ക്രോഫ്റ്റിന് ഒമ്പതു മാസവും വിലക്ക് ഏര്‍പ്പെടുത്തി. പന്ത് ചുരണ്ടിയതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു എന്ന്, ബൗളര്‍മാരായ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ പ്രസ്താവനയുമിറക്കിയിരുന്നു.
ടീം ഒന്നടങ്കം കുറ്റം ഏറ്റെടുക്കണമെന്നും എല്ലാവരും ഒന്നിച്ച് ഉത്തരവാദികളാണെന്നും അന്നു പറഞ്ഞതായും ഖ്വാജ ആത്മകഥയില്‍ കുറിച്ചു. ഡാവിയെ (ഡേവിഡ് വാര്‍ണര്‍) കാണുമ്പോള്‍ മനസില്‍ കുറ്റബോധം തോന്നാറുണ്ടായിരുന്നു. എന്നാല്‍, ശിക്ഷ ഏറ്റെടുത്ത അദ്ദേഹം ഒരു വാക്കുപോലും അതേക്കുറിച്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും ഉസ്മാന് ഖ്വാജ കുറിച്ചു.