മനാമ: ബഹ്റൈനിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോൺ ആക്രമണം. ഷെയ്ഖ് ഇസ വ്യോമതാവളത്തിലെ അമേരിക്കൻ റഡാർ സംവിധാനം ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. തലസ്ഥാനമായ മനാമയിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയതായും റിപ്പോർട്ടുകളുണ്ട്.
തങ്ങളുടെ വ്യോമാതിർത്തി അമേരിക്കൻ ഡ്രോണുകൾ തുടർച്ചയായി ലംഘിക്കുന്നതിനുള്ള തിരിച്ചടിയാണിതെന്ന് ഇറാൻ വ്യക്തമാക്കി. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പുതന്നെ ഡ്രോണുകൾ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായി ബഹ്റൈൻ സൈന്യം വ്യക്തമാക്കി. ഇറാന്റെ നടപടി തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങൾക്ക് ഇറാൻ പൂർണ ഉത്തരവാദിയായിരിക്കുമെന്നും ബഹ്റൈൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ആക്രമണത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അപലപിച്ചു. ബഹ്റൈനിലെ യുഎസ് എംബസി അവിടെയുള്ള അമേരിക്കൻ പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശവും നൽകി. കഴിഞ്ഞ ഞായറാഴ്ച അൽ റിഫയിലെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ഡ്രോണുകൾ അയച്ചിരുന്നു.