തിരുവനന്തപുരം: മലയാളസിനിമയിലെ ഓൾറൗണ്ടറായ ബാലചന്ദ്രമേനോന്റെ കരിയറിന് അരനൂറ്റാണ്ട്. ഇതോടനുബന്ധിച്ച് മേനോന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് 29ന് വൈകുന്നേരം ആറിനു ടാഗോർ തിയറ്ററിൽ ആഘോഷം സംഘടിപ്പിക്കുന്നു.
നടനഭാവങ്ങളുടെ ഓൾറൗണ്ടർ ജഗതി ശ്രീകുമാർ ഉൾപ്പെടെ സിനിമാരംഗത്തുനിന്നുള്ള പ്രമുഖരും ബാലചന്ദ്രമേനോന്റെ സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കും. ബാലചന്ദ്രമേനോൻ സ്ഥാപകനായ ’റോസസ് ദ ഫാമിലി ക്ലബ്ബാ’ണ് ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബാലചന്ദ്രമേനോൻ എന്ന വരികൾ വെള്ളിത്തിരയിൽ പ്രത്യേക്ഷപ്പെട്ടുതുടങ്ങിയത് 1978ൽ പുറത്തിറങ്ങിയ ‘ഉത്രാടരാത്രി ’ മുതലാണ്. എന്നാൽ അതിനും രണ്ടുവർഷം മുൻപ് 1975ൽ നാന സിനിമാ വാരികയുടെ റിപ്പോർട്ടറായാണ് ബാലചന്ദ്രമേനോൻ സിനിമാജീവിതത്തിലെ കളി തുടങ്ങുന്നത്.
സിനിമാ ജേർണലിസ്റ്റ് എന്ന രീതിയിലുള്ള ആ യാത്രയാണ് രണ്ടു വർഷത്തിനുശേഷം സ്വന്തം സിനിമയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. ആറു സിനിമകൾക്കുശേഷം, 1981ൽ പുറത്തിറങ്ങിയ /”മണിയൻപിള്ള അഥവാ മണിയൻപിള്ള’ എന്ന സിനിമിയിലൂടെ രചനയ്ക്കും സംവിധാനത്തിനുമൊപ്പം നടനായും മേനോൻ വെള്ളിത്തിരയിലെത്തി.
1982ൽ പുറത്തിറങ്ങിയ ‘ചിരിയോ ചിരി’ മുതൽ സംവിധാനം ചെയ്യുന്ന സിനിമകളിൽ മേനോനെ മുഖ്യവേഷത്തിൽ സിനിമാപ്രേക്ഷകർ കണ്ടുതുടങ്ങി. തുടർന്ന് മലയാളസിനിമയിൽ അതൊരു ബ്രാൻഡായി മാറുകയായിരുന്നു. സംവിധാനം ചെയ്ത 37 സിനിമകളിൽ 27ലും മേനോൻതന്നെയായിരുന്നു നായകൻ. മിക്കവാറും സിനിമകളിൽ നായികമാരായി പുതുമുഖങ്ങളെ പരീക്ഷിക്കാനും മേനോൻ ധൈര്യംകാട്ടി. പിൽക്കാലത്ത് മലയാളസിനിമ അടക്കിവാണ ശോഭന, കാർത്തിക, രോഹിണി, പാർവതി തുടങ്ങിയ നടിമാരെല്ലാം പുതുമുഖങ്ങളായി രംഗപ്രവേശംചെയ്തത് ബാലചന്ദ്രമേനോന്റെ സിനിമകളിലൂടെയാണ്.
തലയിലൊരു വട്ടക്കെട്ടുംകെട്ടിയുള്ള ബാലചന്ദ്രമേനോന്റെ പടവും സിനിമയുടെ പേരിനു താഴെ ആ പേരും ഉണ്ടെങ്കിൽ കുടുംബപ്രേക്ഷകർ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തിയിരുന്ന കാലം. മമ്മൂട്ടി നായകനായി 1991ൽ പുറത്തുവന്ന ’നയം വ്യക്തമാക്കുന്നു’ ആണ് ഇതിനിടയിൽ അദ്ദേഹം അഭ്രത്തിലില്ലാതെ റിലീസ് ചെയ്ത ഏക മലയാള സിനിമ.
പതിവ് ബാലചന്ദ്രമേനോൻ സിനിമകളുടെ സ്വഭാവത്തിൽനിന്ന് വ്യത്യസ്തമായ കഥയായിരുന്നു ആ സിനിമയുടേത്. 1986ൽ ’തായക്ക് ഒരു താലാട്ട്’ എന്ന തമിഴ് സിനിമയും അദ്ദേഹം സംവിധാനം ചെയ്തു. മറ്റു സംവിധായകരുടെ മുപ്പതിലധികം സിനിമകളിലും അദ്ദേഹം വേഷമിട്ടു. ഇതിനിടയിൽ നിർമാതാവ്, ഗാനരചയിതാവ്, സംഗീതസംവിധായകൻ, ഗായകൻ, എഡിറ്റർ തുടങ്ങി സിനിമയുടെ സകല മേഖലകളിലും മേനോൻ കൈവച്ചു.
ഈ വർഷം സിനിമാജീവിതത്തിന്റെ അന്പതാണ്ടു പൂർത്തിയാകുന്പോൾ ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന രാഷ്ട്രീയ സിനിമയിൽ മുഖ്യമന്ത്രിയുടെ വേഷം ചെയ്യുകയാണ് അദ്ദേഹമിപ്പോൾ. വൈകാതെ അടുത്ത സിനിമ സംവിധാനം ചെയ്യുകയെന്ന പദ്ധതിയും ബാലചന്ദ്രമേനോനുണ്ട്.