കൊട്ടാരക്കര : തെരഞ്ഞെടുപ്പു തിരക്കിനിടയിലും കൊട്ടാരക്കര പട്ടണത്തിൽ ആർ. ബാലകൃഷ്ണപിള്ള സ്മാരകത്തിന്റെയും നഗരസഭാചത്വരത്തിന്റെയും നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. 2.63 കോടി രൂപ ചെലവിലാണ് നിർമാണം. രണ്ടുകോടി രൂപയാണ് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ആർ. ബാലകൃഷ്ണപിള്ള സ്മാരക സാംസ്കാരികനിലയത്തിനായി അനുവദിച്ചിരുന്നത്.
മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് 63 ലക്ഷം രൂപയാണ് സാംസ്കാരിക കേന്ദ്രത്തോടു ചേർന്നുതന്നെ നഗരസഭാചത്വരം നിർമാണത്തിന് അനുവദിച്ചത്. തീരദേശവികസന കോർപറേഷനാണ് രൂപരേഖ തയാറാക്കിയത്.
രണ്ടു നിലകളിലായി 4584 ചതുരശ്രയടി വിസ്തൃതിയാണുള്ളത്. താഴെ നിലയിൽ വാഹന പാർക്കിംഗും ശൗചാലയവും മുകൾനിലയിൽ മുന്നൂറ് ഇരിപ്പിടങ്ങളോടുകൂടിയ ടൗൺ ഹാളുമാണ് നിർമിക്കുന്നത്.
പൊതുപരിപാടികൾ നടത്താൻ കഴിയുംവിധം ഓപ്പൺ സ്റ്റേജ്, ഓഫീസ് കം ജിനേഷ്യം, വിശ്രമമേഖല, ചുറ്റുമതിൽ, പ്രവേശനകവാടം എന്നിവ അടങ്ങുന്നതാണ് നഗരസഭാചത്വരം. 2025 മേയ് മൂന്നിനാണ് ഉദ്ഘാടനം നടത്തിയതെങ്കിലും നിർമാണം തുടങ്ങാൻ വൈകി.
തെരഞ്ഞെടുപ്പിനു മുൻപ് ഉദ്ഘാടനം നടത്താനായിരുന്നു ശ്രമമെങ്കിലും നടന്നില്ല. കഴിഞ്ഞ ആഴ്ചകളിൽ രാത്രിയും പകലുമായി നിർമാണം പുരോഗമിക്കുകയാണ്.
നഗരത്തിൽ വിവിധ പരിപാടികൾ നടത്തുന്നതിനുള്ള പൊതുവിടം എന്ന നിലയിലാണ് ഇവിടെയുണ്ടായിരുന്ന പാർക്കിംഗ് ഗ്രൗണ്ട് നഗരസഭാചത്വരമാക്കി മാറ്റിയത്. ഒരുവശത്ത് ആളുകൾക്കു ലഘുവ്യായാമങ്ങൾ ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ സ്ഥാപിച്ച് ഓപ്പൺ ജിം നിർമിക്കും.
ആർ. ബാലകൃഷ്ണപിള്ളയുടെ പ്രതിമ ഉൾപ്പെടെ ഇവിടെ സ്ഥാപിക്കാനും പദ്ധതിയുണ്ട്. നിലവിൽ സാംസ്കാരിക പരിപാടികളും പൊതുപരിപാടികളും ചെറുസമ്മേളനങ്ങളും ഒക്കെ നടത്തുന്നതിനുള്ള പൊതുവായ ഒരിടം നഗരത്തിൽ ഇല്ല.പാർക്കിംഗ് ഗ്രൗണ്ടിൽ നഗരസഭാ ഓഫീസ് സമുച്ചയം നിർമിക്കാനായിരുന്നു ആദ്യപദ്ധതി.
പൊതുവിട സംരക്ഷണസമിതി ഉൾപ്പെടെ നടത്തിയ പ്രതിഷേധങ്ങളെത്തുടർന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഇടപെട്ട് നഗരസഭാ ഓഫീസ് നിർമാണത്തിനായി രവിനഗറിലെ കെഐപി ഭൂമി ലഭ്യമാക്കുകയും പാർക്കിംഗ് ഗ്രൗണ്ട് പൊതുവിടമായി നിലനിർത്തുകയുമായിരുന്നു.