വീടിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ഇറങ്ങാതെ ഐസ്ക്രീം വാങ്ങാൻ ശ്രമിക്കുന്നതിനിടെ യുവാവ് നിയന്ത്രണം തെറ്റി താഴേക്ക് വീണു. ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലാണ് അശ്രദ്ധ മൂലമുണ്ടായ ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.
തെരുവിലൂടെ പോയ വിൽപനക്കാരനിൽ നിന്ന് ഐസ്ക്രീം വാങ്ങാനായി ബാൽക്കണിയുടെ കൈവരിയിലൂടെ താഴേക്ക് ആഞ്ഞ് കൈ നീട്ടിയ യുവാവ് പെട്ടെന്ന് ബാലൻസ് നഷ്ടപ്പെട്ട് റോഡിലേക്ക് പതിക്കുകയായിരുന്നു.
ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഴ്ചയിൽ പരിക്കേറ്റ ഇയാളെ ഉടൻ തന്നെ നാട്ടുകാരും വീട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.
യുവാവിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സോൻഭദ്ര പൊലീസ് അറിയിച്ചു. ചെറിയൊരു മടിയും അശ്രദ്ധയും എത്ര പെട്ടെന്നാണ് വലിയൊരു അപകടമായി മാറുന്നത് എന്നതിന്റെ ഓർമ്മപ്പെടുത്തലായി മാറിയിരിക്കുകയാണ് ഈ സംഭവം.