കാഠ്മണ്ഡു: രാജ്യത്തുണ്ടായ വൻ പ്രളയക്കെടുതിയുടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാൻ നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ ഐക്യരാഷ്ട്ര സഭയിലേക്ക്.
സെപ്റ്റംബർ അവസാനം അമേരിക്കയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസഭയുടെ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. പ്രളയക്കെടുതിയിൽപ്പെട്ട നേപ്പാളിന് അർഹമായ നഷ്ടപരിഹാരം ആവശ്യപ്പെടാനാണ് ബലേന്ദ്ര ഷായുടെ നീക്കം.
മാർച്ച് 27ന് അധികാരമേറ്റ ശേഷം നേപ്പാൾ പ്രധാനമന്ത്രി നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്. സെപ്റ്റംബർ 24ന് ന്യൂയോർക്കിൽ യുഎൻ പൊതുസഭാ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യുമെന്നാണ് അറിയിപ്പ്.
വിദേശകാര്യ മന്ത്രി ശിശിൽ ഖനാലും പ്രധാനമന്ത്രിക്കൊപ്പം യുഎൻ സമ്മേളനത്തിൽ പങ്കെടുക്കും.
ദുരന്തത്തിലെ നാശനഷ്ടം കണക്കാക്കുന്ന റിപ്പോർട്ട് ധനകാര്യമന്ത്രാലയവും വിദേശകാര്യമന്ത്രാലയവും തയാറാക്കുകയാണ്. ശാസ്ത്രജ്ഞർ, കാലാവസ്ഥാ വിദഗ്ധർ തുടങ്ങിയവരുമായി കൂടിയാലോചിച്ചാണ് നേപ്പാൾ യുഎൻ പൊതുസഭയിൽ നിലപാടുകൾ രൂപവത്കരിക്കുക.